തിരുവനന്തപുരം: എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോണ്‍ഗ്രസിലേക്ക് കൊണ്ട് വരണമെന്ന് കെപിസിസി മുന്‍ വൈസ് പ്രസിഡന്റും നിലവില്‍ നിര്‍വാഹക സമിതിയംഗവുമായ പത്മജ വേണുഗോപാല്‍. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം പറയാന്‍ തനിക്ക് പേടിയില്ലെന്ന് പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാന്‍ പോകില്ല എന്ന് തനിക്കറിയാമെന്ന് പത്മജ പറയുന്നു. പിന്നെ ദേഷ്യവും സങ്കടവും വരുമ്പോള്‍ പലതും പറഞ്ഞു എന്ന് വരും. ആ മനുഷ്യനെ എല്ലാവരും നന്നായി ദ്രോഹിച്ചിട്ടുണ്ടെന്നും പത്മജ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ, എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോണ്‍ഗ്രസിലേക്ക് കൊണ്ട് വരണം. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. ഒരിക്കല്‍ രാമനിലയത്തില്‍ വച്ച് അച്ഛന്‍ ഒരു കാര്യം ഗോപിനാഥിനെ ഏല്‍പ്പിക്കുന്നത് ഞാന്‍ കണ്ടു. എനിക്കു കേട്ടപ്പോള്‍ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാന്‍ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുന്നില്‍ വരൂ എന്ന് പറഞ്ഞു. അതു പോലെ തന്നെ സംഭവിച്ചു. ഞാന്‍ അത്ഭുതപ്പെട്ടു പോയി, അങ്ങനെയുള്ള നേതാക്കളെ മാറ്റി നിര്‍ത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകര്‍ച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരണം.
കഴിഞ്ഞ ദിവസം കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്ത് വന്നപ്പോള്‍ എവി ഗോപിനാഥ് പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. അതേസമയം കോണ്‍ഗ്രസ് വഞ്ചിച്ചു എന്നു കരുതുന്നില്ലെന്നായിരുന്നു പട്ടികയെക്കുറിച്ച് എവി ഗോപിനാഥ് പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവച്ചയാളാണ് താന്‍. അംഗത്വം രാജിവച്ചത് സ്വകാര്യമല്ല. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതോടെ ചാപ്റ്റര്‍ അടഞ്ഞുവെന്നായിരുന്നു എവി ഗോപിനാഥ് പ്രതികരിച്ചത്.
Post Your Comments