തിരുവനന്തപുരം : കനത്ത മഴയ്ക്കിടെ അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച് പോകാന്‍ ശ്രമിച്ച ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരെ കേസെടുത്ത് പൊലീസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. ജയദീപ് ബസ് വെള്ളക്കെട്ടില്‍ ഇറക്കിയതിലൂടെ കെഎസ്ആര്‍ടിസിക്ക് 5,33,000 രൂപ നഷ്ടം വരുത്തിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജയദീപിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നിര്‍ദ്ദേശം.
കഴിഞ്ഞ ആഴ്ചയാണ് ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഡ്രൈവര്‍ ജയദീപിനെ മന്ത്രി ആന്റണി രാജു സസ്‌പെന്‍ഡ് ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്നായിരുന്നു കണ്ടെത്തല്‍.
Post Your Comments