മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യനെ എന്‍സിബി അറസ്റ്റ് ചെയ്തതോടെ എന്‍സിബി തലവനെതിരെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ മാലിദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് നവാബ് മാലിക്,സമീര്‍ വാങ്കഡെയ്‌ക്കെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്. എന്നാല്‍ മാലികിന്റെ ആരോപണങ്ങളെ സമീര്‍ വാങ്കഡെ പൂര്‍ണ്ണമായും തള്ളി.
മാലിദ്വീപില്‍ സന്ദര്‍ശനം നടത്തിയത് കുട്ടികളോടൊപ്പമാണെന്നും മേലധികാരികളില്‍ നിന്നുള്ള അനുവാദത്തോടെ സ്വന്തം ചെലവിലായിരുന്നു സന്ദര്‍ശനമെന്നും സമീര്‍ വാങ്കഡെ പറഞ്ഞു. ഒരു ദേശീയ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വാങ്കഡെ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് സമീര്‍ വാങ്കഡെ മാലിദ്വീപില്‍ ഉണ്ടായിരുന്നുവെന്നും ഈ സമയത്ത് അവിടെയുണ്ടായിരുന്ന ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി അവരില്‍ നിന്നും പണം തട്ടിയെടുക്കുന്ന ഒരു റാക്കറ്റില്‍ സമീര്‍ അംഗമായിരുന്നുവെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനെ കരിവാരി തേക്കുന്നതിന് ബിജെപിയുടെ ഒത്താശയോടെയാണ് സമീര്‍ വാങ്കഡെ പ്രവര്‍ത്തിക്കുന്നതെന്നും നവാബ് മാലിക്ക് പറഞ്ഞിരുന്നു.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെ സമീര്‍ വാങ്കഡെ ശക്തമായി നിഷേധിച്ചു. ‘ഏത് തരത്തിലുമുള്ള അന്വേഷണവും നടത്താന്‍ അധികാരമുള്ള സര്‍ക്കാരില്‍ അംഗമാണ് നവാബ് മാലിക്, തനിക്കെതിരെ എന്ത് അന്വേഷണം നടത്തുന്നതിലും വിരോധമില്ല’ , വാങ്കഡെ വ്യക്തമാക്കി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയശേഷമാണ് താന്‍ മാലിദ്വീപില്‍ പോയതെന്നും മന്ത്രി ആരോപിക്കുന്നത് പോലെ തന്റെ സഹോദരി തന്നോടൊപ്പം ഇല്ലായിരുന്നുവെന്നും എന്‍ സി ബി തലവന്‍ പറഞ്ഞു.
കഴിഞ്ഞ 15 ദിവസമായി തനിക്കെതിരെ വ്യക്തിപരമായുള്ള അധിക്ഷേപങ്ങള്‍ തുടരുകയാണെന്നും തന്റെ മരിച്ചു പോയ അമ്മയേയും, സഹോദരിയേയും, അച്ഛനേയും വരെ ഇക്കൂട്ടര്‍ അധിക്ഷേപിക്കുന്നതായും സമീര്‍ പറഞ്ഞു.
Post Your Comments