തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യുവതിയില്‍ നിന്നും രക്ഷിതാക്കള്‍ കുഞ്ഞിനെ മാറ്റിയെന്ന പരാതി അവഗണിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചോരകുഞ്ഞിനെ കാണാനില്ലെന്ന ഒരു അമ്മയുടെ പരാതി അധികാരികള്‍ കേട്ടില്ലെന്നും കണ്ടില്ലെന്നും നടിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
കുഞ്ഞിനെ ചേര്‍ത്തു പിടിക്കാനുള്ള അവകാശം ഒരമ്മയ്ക്കുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പൊലീസ്, ശിശു ക്ഷേമ സമിതി തുടങ്ങിയ സംവിധാനങ്ങള്‍ക്കെതിരെ അമ്മ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങളോ രാഷ്ട്രീയമോ കലര്‍ത്തുന്നതിന് മുമ്പേ കുഞ്ഞിനെ കാണാനില്ലെന്ന പരാതിക്ക് പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി, സാമൂഹിക നീതി വകുപ്പ് മന്ത്രി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്നിവര്‍ കാര്യം മനസിലായിട്ടും പരാതി പരിഹരിക്കാന്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരമ്മ കുഞ്ഞിനെ തേടി അലയുന്ന ദാരുണ സ്ഥിതിക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 19ന് ആണ് കുഞ്ഞിനെ തന്റെ ബന്ധുക്കള്‍ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിച്ചിരുന്നു. ദുരഭിമാനത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ബന്ധുക്കള്‍ കൊണ്ടുപോയതെന്നാണ് അനുപമ പറയുന്നത്. കുട്ടിയെ കിട്ടില്ലെന്നായപ്പോള്‍ അനുപമ കുട്ടിയുടെ പിതാവായ അജിത്തിനൊപ്പം താമസം തുടങ്ങിയിരുന്നു.
Post Your Comments