തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ പെയ്തുതുടങ്ങി. കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളുടെ മലയോര മേഖലകളില്‍ മഴ ശക്തമായി. ഉച്ചയോടെയാണ് മഴ കനത്തു തുടങ്ങിയത്. ശക്തമായ മഴയില്‍ തിരുവമ്പാടി ടൗണില്‍ വെള്ളംകയറിയിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . 11 ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ടുണ്ട്. വ്യാഴാഴ്ച മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് നിലവില്‍ കാര്യമായ മഴമേഘങ്ങളില്ലെന്നതിനെ തുടര്‍ന്ന് തീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചിരുന്നു. മഴ കുറഞ്ഞതോടെ നദികളില്‍ ജലനിരപ്പ് കുറയുകയും ചെയ്തു. പെരിയാറിലടക്കം ജലനിരപ്പ് നിയന്ത്രണ വിധേയമാണ്.
Post Your Comments