ഇസ്രായേൽ: സേവനകാലയളവിനിടെ പരിക്കേറ്റ് സ്വാഭാവികമായ ലൈംഗിക ജീവിതം നയിക്കാൻ സാധിക്കാതെ വരുന്ന തങ്ങളുടെ സൈനികർക്ക് വേണ്ടി ‘സെക്സ് തെറാപ്പി’ സ്പോൺസർ ചെയ്ത് ഇസ്രായേൽ സൈന്യം. നാലു ലക്ഷത്തോളം രൂപ മുടക്കി സറോഗേറ്റ് സെക്സ് തെറാപ്പി സ്പോൺസർ ചെയ്ത് ഇസ്രായേൽ സൈന്യം ഈ ചികിത്സാ സങ്കേതത്തിന് ഔദ്യോഗികമായി അംഗീകാരം നൽകി.
സ്വാഭാവികമായി രതിയിലേർപ്പെടാൻ സാധിക്കാത്ത വിധത്തിൽ എന്തെങ്കിലും ട്രോമ അനുഭവിക്കുന്ന രോഗികളെ പഴയ ഊർജസ്വലതയോടെ തന്നെ സെക്സ് ലൈഫിലേക്ക് തിരിച്ചു വരാൻ സഹായിക്കുന്ന ഒരു ശാസ്ത്രീയ ചികിത്സാമാർഗമാണ് ‘സറോഗേറ്റ് സെക്സ് തെറാപ്പി’. ഇതിൽ രോഗിയുടെ ജീവിത പങ്കാളിക്ക് പകരം ഒരു ‘സറോഗേറ്റ്’ അഥവാ പകരക്കാരനോ പകരക്കാരിയോ ആവും പ്രാക്ടിക്കൽ സെഷനുകളിൽ പങ്കുചേരുക. ചികിത്സയെ നിയന്ത്രിക്കുന്ന സെക്സ് തെറാപ്പിസ്റ്റിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച്, സറോഗേറ്റ് പാർട്ണറോടൊപ്പം വിവിധ സെഷനുകളിൽ പല തരത്തിലുള്ള അഭ്യാസങ്ങളിൽ ഏർപ്പെടുന്ന രോഗി, ഒടുവിൽ തികഞ്ഞ ഊഷ്മളതയോടെ ഈ സറോഗേറ്റുമായി ചികിത്സ പൂർത്തിയാക്കുന്നു. ചില വികസിത രാജ്യങ്ങളിൽ ഇതിന് ചികത്സാ സമ്പ്രദായം എന്ന നിലയ്ക്കുള്ള അംഗീകാരം കിട്ടിയിട്ടുണ്ട്.
തന്റെ ക്ലിനിക്കിൽ നൽകുന്ന തെറാപ്പി ഒരർത്ഥത്തിലും ലൈംഗിക തൊഴിലിനോട് ഉപമിക്കാവുന്ന ഒന്നല്ല എന്ന് ടെൽ അവീവ് നഗരത്തിൽ സെക്സ് തെറാപ്പി ക്ലിനിക്ക് നടത്തുന്ന ഡോ.റോണിത് അലോണി എന്ന സെക്സ് തെറാപ്പിസ്റ്റ് പറയുന്നു. ‘ഇവിടെ നടത്തപ്പെടുന്നത് സ്വന്തം പങ്കാളികളോടുള്ള ഇന്റിമസി നഷ്ടപ്പെടുന്ന, സെക്സിലെ താത്പര്യം പോലും ഇല്ലാതാവുന്ന, രതിയോട് ഭയം പോലും തോന്നുന്ന തരത്തിലുള്ള മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവരുടെ മനസ്സിൽ നിന്ന് ആ വിഹ്വലതകളെ ഒരു പൂ നുള്ളുന്ന പോലെ എടുത്ത് പുറത്ത് കളയുന്ന ഒരു ചികിത്സ മാത്രമാണ് എന്നും ഇവിടെ ആളുകളെത്തുന്നത് സുഖം തേടിയല്ല, ചികിസ്തയ്ക്കാണ്’ ഡോ.റോണിത് അലോണി പറഞ്ഞു.
ഈ തെറാപ്പിയുടെ 85 ശതമാനവും ഇന്റിമേറ്റ് ആയ സ്പർശങ്ങളിലൂടെ, കൊടുക്കൽ വാങ്ങലുകളിലൂടെ മനസ്സിൽ നിന്ന് അപ്രത്യക്ഷമായ അടുപ്പം തിരിച്ചു കൊണ്ടുവരലാണെന്നും തെറാപ്പി സെഷനുകൾ കഴിഞ്ഞാൽ സറോഗേറ്റുകളുമായി രോഗികൾ സമ്പർക്കം പുലർത്താൻ പാടില്ല എന്നൊരു നിയമം നിർബന്ധമായും ക്ലിനിക്കുകൾ പാലിക്കുന്നുണ്ടെന്നും ഡോ. അലോണി വ്യക്തമാക്കി. സമൂഹം സെക്സിനെക്കുറിച്ച് പരിപാലിക്കുന്ന അപക്വമായ ധാരണകൾ മാറ്റേണ്ട സമയമായി എന്നും, ലൈംഗികമായ പ്രശ്നങ്ങൾ അനുഭവിച്ച് നീറിനീറിക്കഴിയുന്ന പലരെയും സറോഗേറ്റ് സെക്സ് തെറാപ്പി വഴി തിരികെ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും എന്നും ഡോ.അലോണി പറഞ്ഞു.
Post Your Comments