ലക്‌നൗ : ജനങ്ങൾക്ക് പേടിസ്വപ്‌നമായിരുന്ന കൊടും കുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. തലയ്‌ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ബംഗ്ലാദേശി പൗരൻ ഹംസയെ ആണ് വധിച്ചത്. ഇയാളുടെ പക്കൽ നിന്നും പോലീസ് തോക്കുകൾ കണ്ടെടുത്തു.രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാളെ പോലീസ് വധിച്ചത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഹംസ. വാരണാസി, ലക്‌നൗ എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ വൻ കവർച്ചകളുടെ ആസൂത്രകനാണ് ഇയാൾ.
ഉത്തർപ്രദേശിന് പുറമേ ഡൽഹിയുൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോഹിയ പാർക്കിൽ ആയുധങ്ങളുമായി എത്തിയ ഹംസയെയും സംഘത്തെയും പട്രോളിംഗിനെത്തിയ പോലീസ് സംഘം പിടികൂടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാൾ ഓടി . പോലീസും ഇയാളെ പിന്തുടർന്നു. എന്നാൽ ഹംസ പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പോലീസും പ്രത്യാക്രമണം നടത്തി.
ഏറ്റുമുട്ടലിൽ ഹംസയുടെ സംഘത്തിലെ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമായാൽ ഇയാളെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments