KeralaLatest NewsNews

വെള്ളത്തിലിറങ്ങുന്നവര്‍ തീര്‍ച്ചയായും ഈ മരുന്ന് കഴിയ്ക്കണം : മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില് എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജിന്റെ മുന്നറിയിപ്പ്. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും നിര്‍ന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഈ അവബോധം എല്ലാവരിലുമെത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Read Also : ഇന്ത്യയ്ക്ക് ചൈനയെ നേരിടാന്‍ ഇനി ത്രിശൂലവും വജ്രവും

എലിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോകുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, ഛര്‍ദ്ദി എന്നിവയും ഉണ്ടാകാം.

എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തവും, വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം പോകുക, കാലില്‍ നീരുണ്ടാകുക എന്നിവയും ഉണ്ടാകുന്നു. ചിലരില് രക്തസ്രാവം ഉണ്ടാവാം.

പ്രതിരോധ മാര്‍ഗങ്ങള്‍

മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കൈയുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുക.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. വെള്ളത്തിലിറങ്ങിയാല്‍ കൈ കാലുകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.

മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന് ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിച്ചിരിക്കേണ്ടതാണ്.

എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button