കാഞ്ഞങ്ങാട് : കോടതി വിധിയുണ്ടായിട്ടും ചിലവിന് നല്‍കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ലെന്നു രണ്ടാം ഭാര്യയുടെ പരാതി. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാനും ഐഎന്‍എല്‍ നേതാവുമായ ബില്‍ടെക് അബ്ദുല്ലയ്ക്കെതിരെയാണ് കോഴിക്കോട് മങ്കാവ് സ്വദേശിനി ശംസാദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
ശംസാദിന്റെ വാക്കുകൾ ഇങ്ങനെ.. ‘അനാഥയായ തന്നെ 1996 ല്‍ ഇടയങ്ങര പള്ളിയില്‍ വെച്ചാണ് ബില്‍ടെക് അബ്ദുല്ല വിവാഹം ചെയ്തത്. ഇടക്ക് കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂരിലടക്കം താമസമുണ്ടായിരുന്നു. ആദ്യ വിവാഹത്തിലെ ചില പ്രശ്‌നങ്ങളാണ് അബ്ദുല്ല തന്നെ വിവാഹം കഴിക്കാന്‍ കാരണമായി പറഞ്ഞത്. പിന്നീട് ഒരു കുഞ്ഞുണ്ടായി. അതിനു ശേഷം ഇയാള്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥയായി. തുടര്‍ന്ന് 2007ല്‍ കോഴിക്കോട് കുടുംബ കോടതിയില്‍ കേസുമായി സമീപിച്ചു. അനുകൂല വിധിയുണ്ടായി.
read also:‘നെറ്റിയിലെ കുറിയെവിടെ?’ ഫാബ് ഇന്ത്യയുടെ ദീപാവലി പരസ്യത്തിനെതിരെ പ്രതിഷേധം
തന്റെ പക്കലില്‍ നിന്ന് വാങ്ങിയ 18 പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷം രൂപയും പ്രതിമാസം ചിലവിനും തരാനായിരുന്നു കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവിലെ രണ്ട് കാര്യങ്ങളും അബ്ദുല്ല നടപ്പിലാക്കിയില്ല. അതിനിടയില്‍ മകള്‍ വളര്‍ന്നു. അവളെ വിവാഹം കഴിപ്പിക്കേണ്ട അവസ്ഥയുണ്ടായി. അബ്ദുല്ലയെ പലതവണ വിളിച്ചിട്ടും അവസാനം 50000 രൂപ മാത്രം അബ്ദുല്ലയുടെ കുടുംബക്കാര്‍ തരുന്ന അവസ്ഥയുണ്ടായി.
ഇപ്പോള്‍ ജീവിതം മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മാനസികമായും ശാരീരികമായും പ്രയാസം നേരിടുന്നതിനിടെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു. വാടക വീട്ടിലാണ് താമസം. നേരത്തെ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ഉപ്പൂപ്പയുടെ സംരക്ഷണത്തിലായിരുന്നു വിവാഹം കഴിഞ്ഞത്. ടൈലറിംഗ് ജോലി ചെയ്താണ് ഇതുവരെ ജീവിച്ച് വന്നത്. അതും മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ ദയനീയ സ്ഥിതിയാലാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് വാര്‍ത്താസമ്മേളനം വിളിക്കേണ്ടി വന്നത്’ – വാർത്ത സമ്മേളനത്തിനിടെ കരഞ്ഞ് കൊണ്ട് ശംസാദ് പറഞ്ഞു.
Post Your Comments