Latest NewsKerala

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസ് 6 വർഷംകൊണ്ട് മൂന്നിരട്ടിയായി: ഞെട്ടിക്കുന്ന റിപ്പോർട്ട്

പോക്‌സോനിയമപ്രകാരം പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പാതിയോളം മാത്രമേ ശിശുക്ഷേമസമിതിയിൽ (സി.ഡബ്ല്യു.സി.) റിപ്പോർട്ട് ചെയ്തിട്ടുള്ളൂ

കണ്ണൂർ: കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികപീഡനക്കേസുകൾ വർഷംതോറും കൂടുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷന്റെ 2019-20 വാർഷിക റിപ്പോർട്ട്. ബാലാവകാശ കമ്മിഷൻ നിലവിൽവന്ന 2013-ൽ 1002 പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2019-ൽ ഇത് 3616 ആയി വർധിച്ചു. 2019-ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്-464. രണ്ടാമത് മലപ്പുറത്തും-444 കേസുകൾ.

പോക്‌സോനിയമപ്രകാരം പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പാതിയോളം മാത്രമേ ശിശുക്ഷേമസമിതിയിൽ (സി.ഡബ്ല്യു.സി.) റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള 21,979 കുട്ടികളിൽ 7930 പേർ ശിശുക്ഷേമസമിതിയുടെ ഉത്തരവില്ലാതെ സംരക്ഷണകേന്ദ്രങ്ങളിൽ താമസിക്കുന്നതായും റിപ്പോർട്ടിലുണ്ട്.ആകെയുള്ള 4054 പ്രതികളിൽ നാലുശതമാനം (103 പേർ) സ്ത്രീകളായിരുന്നു.

കമിതാക്കളായിരിക്കെ പീഡനം നടത്തിയതിന് പ്രതിചേർക്കപ്പെട്ട 526 പേരുണ്ട്.ആകെ പ്രതിചേർക്കപ്പെട്ടവരിൽ 816 പേർ (20 ശതമാനം) കുട്ടികൾക്ക് അറിയാവുന്നവരാണ്. അയൽക്കാർ 681 പേർ, കുടുംബാംഗങ്ങൾ- 345, ബന്ധുക്കൾ 307, വാൻ-ഓട്ടോ ഡ്രൈവർമാർ-55, അധ്യാപകർ-157 എന്നിങ്ങനെ പോകുന്നു ഇവർ.

ഒരേ ആൾതന്നെ പലവിഭാഗത്തിൽ ഉൾപ്പെടുന്നതിനാലാണ് ആകെ എണ്ണം കൂടുന്നത്. പ്രതിചേർക്കപ്പെട്ട കുടുംബാംഗങ്ങളിൽ അച്ഛൻ,സഹോദരൻ, മുത്തച്ഛൻ തുടങ്ങിയവരുമുണ്ട്. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ മാതാപിതാക്കളും സർക്കാരും പോലീസും ഒരുപോലെ ഉത്തരവാദപ്പെട്ടിരിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button