ന്യുഡല്‍ഹി: സഹോദരിയുടെ കൈയില്‍ നിന്ന് 50 രൂപ വാങ്ങി ഗ്രാമത്തിനടുത്തുള്ള ചബ്ബാലിലേക്ക് തിരിച്ച ലക്ബീറിനെ ക്രൂരമായി കൊലപ്പെടുത്തിയ വിവരമാണ് കുടുബം ദിവസങ്ങള്‍ കഴിഞ്ഞ് കേട്ടത്. വെള്ളിയാഴ്ച സിംഘു അതിര്‍ത്തിയില്‍ കര്‍ഷകസമരം നടക്കുന്ന സ്ഥലത്ത് സമരക്കാരിലെ നിഹാങ് വിഭാഗക്കാരാണ് ലഖ്ബീറിനെ കൈയും കാലും വെട്ടി കെട്ടിത്തൂക്കിയത്. കുടുംബത്തിന്റെ എക ആശ്രയമായിരുന്നു ലക്ബീര്‍.
ലക്ബീറിനെ ഇല്ലാതാക്കിയതോടെ ഇനി കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്നറിയാത്ത വിഷമത്തിലാണ് കുടുംബം. ചീമാ കലന്‍ ഗ്രാമത്തില്‍ ജീവിച്ചിരുന്ന ലഖ്ബീര്‍ പോക്കറ്റില്‍ 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. കൂലിപ്പണിക്കാരനായിരുന്നു ലക്ബീര്‍. ജോലിയ്ക്കായി ഒരുപാട് ദിവസങ്ങള്‍ അദ്ദേഹം വീട്ടില്‍ നിന്ന് മാറിനില്‍ക്കുമായിരുന്നുവെന്നും ലഖ്ബീര്‍ സിംഗിന്റെ സഹോദരി രാജ് കൗര്‍ പറഞ്ഞു.
‘ഈ ആറാം തീയതി, ലഖ്ബീര്‍ എന്റെ കൈയില്‍ നിന്ന് 50 രൂപ വാങ്ങിയിരുന്നു. അവന്‍ ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ചബ്ബാലിലേക്ക് പോവുകയാണെന്നാണ് പറഞ്ഞത്,’ ലക്ബീറിന്റെ സഹോദരി പറയുന്നു. അതിനുശേഷം, ലക്ബീര്‍ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. പിന്നീട്, ലക്ബീറിന്റെ മരണവാര്‍ത്തയാണ് കുടുംബം കേള്‍ക്കുന്നത്. ഡല്‍ഹിയിലേക്ക് ലക്ബീറിനെ കൊണ്ടുപോയത് ആരാണെന്ന് അന്വേഷിക്കണമെന്ന് സഹോദരി ആവശ്യപ്പെട്ടു.
സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരംചെയ്യുന്ന പ്രദേശത്താണ് ലക്ബീര്‍ സിങിനെ കൈയും കാലും മുറിച്ചെടുത്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ സിഖുകാരിലെ ഒരുവിഭാഗമായ നിഹാങ്ങുകളാണ് അക്രമത്തിന് പിന്നിലെന്ന് ആരോപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തുവരികയായിരുന്നു.
വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംഘടനയുടെ തലവന്‍ ബല്‍വിന്ദര്‍ സിങ് സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് നിഹാങ്ങുകളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സമരക്കാരുടെ കൂടെ ആദ്യാവസാനം ഉള്ളവരാണ് നിഹാങ്ങുകൾ. ഡൽഹിയിൽ ചെങ്കോട്ട അക്രമിച്ചപ്പോഴും ഇവർ സമരക്കാർക്കൊപ്പം മുന്നിൽ ഉണ്ടായിരുന്നു. ഇപ്പോഴും കർഷക സമരത്തിന്റെ പേരിൽ നടക്കുന്ന സമരത്തിൽ അവർ നിറ സാന്നിധ്യമാണ്.
Post Your Comments