KeralaLatest NewsNews

കോട്ടയത്ത് വെള്ളപ്പൊക്കം, വ്യാപക ഉരുള്‍പൊട്ടല്‍ : വീടുകളുടെ ഒന്നാം നില വരെ വെള്ളം പൊങ്ങി

കോട്ടയം: കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ വ്യാപക നാശനഷ്ടം. ഉരുള്‍പൊട്ടലില്‍ വന്‍ നാശം സംഭവിച്ച ജില്ലയിലേയ്ക്ക് കരസേനയുടെയും വ്യോമസേനയുടെയും സഹായം. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ സാരംഗ്, എം-17 ഹെലികോപ്റ്ററുകളുമായി വ്യോമസേന സജ്ജമായിട്ടുണ്ട്. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ സതേണ്‍ എയര്‍ കമാന്റിന്റെ എല്ലാ ബേസുകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read Also : പി സി ജോർജിന്റെ വീടും വെള്ളത്തിൽ: ഇത്രയും ഭീകരമായ വെള്ളപ്പൊക്കം താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് മുൻ എംഎൽഎ

കനത്ത മഴയില്‍ മുണ്ടക്കയം നഗരത്തിലെ ഒരു പ്രദേശം മുങ്ങി. മുണ്ടക്കയം- എരുമേലി റോഡിലെ ക്രോസ് വേയും വെള്ളത്തിനടിയിലായി. സമീപത്തെ വീടുകള്‍ മുങ്ങി. വീടുകളുടെ ഒന്നാംനില വരെ വെള്ളമെത്തി. വീട്ടുകാര്‍ വീടിനു മുകളില്‍ കയറിയാണ് രക്ഷപ്പെട്ടത്. മുണ്ടക്കയം- എരുമേലി റോഡില്‍ ഗതാഗതം നിരോധിച്ചു. ഇളംകാട് മേഖലയില്‍ ഉരുള്‍ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിനു കാരണം. കൊടുങ്ങ ഭാഗത്തും വനത്തില്‍ ചെറിയ ഉരുള്‍ പൊട്ടലുകള്‍ ഉണ്ടായി.

അതേസമയം, മീനച്ചിലാര്‍ കരകവിഞ്ഞതോടെ ഈരാറ്റുപേട്ട പട്ടണത്തിലേക്ക് വെളളംകയറിത്തുടങ്ങി. കൂട്ടിക്കല്‍ പ്ലാരപ്പളളിയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടിയത്. ഇതിന് പുറമേ മുണ്ടക്കയം,പൊന്‍കുന്നം, കാഞ്ഞിരപ്പളളി പട്ടണങ്ങളിലും വെളളംകയറി. കൂട്ടിക്കലില്‍ 13 പേരെ ഉരുള്‍പൊട്ടലില്‍ കാണാതായി. ഇതില്‍ മൂന്നുപേര്‍ മരിച്ചതായി വിവരം ലഭിച്ചു. കാണാതായവരില്‍ ആറ് പേര്‍ ഒരുകുടുംബത്തിലെ അംഗങ്ങളാണ്.

പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറി. തോടുകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പറമ്പുകളിലും വെള്ളം കയറിയിട്ടുണ്ട്. പൂജാ അവധിയുടെ ഭാഗമായി ഉല്ലാസ യാത്രയ്ക്കിറങ്ങിയവര്‍ പല സ്ഥലങ്ങളിലും കുടുങ്ങി കിടക്കുകയാണ്.

മഴ പെയ്ത് മണ്ണ് കുതിര്‍ന്നിരിക്കുന്നതിനാല്‍ മിക്കയിടങ്ങളിലും മണ്ണിടിച്ചില്‍ സാദ്ധ്യതയുണ്ട്. പൂഞ്ഞാര്‍ മുന്‍ എംഎല്‍എയായ പി.സി ജോര്‍ജിന്റെ വീട്ടിലും വെളളം കയറി. കനത്ത മഴ തുടരുന്നതിനാല്‍ വാഹനങ്ങളുമായി ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button