ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ഭക്ഷ്യമേഖലയിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെപ്പറ്റിയും യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.ഭക്ഷ്യ സംസ്കരണ രംഗത്തും ലുലു ഗ്രൂപ്പ് വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും.
യുപി സർക്കാരിന്റെ സഹായത്തോടെ നോയിഡയിൽ ഭക്ഷ്യസംസ്കരണ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. സർക്കാർ തന്നെയാണ് ഇതിന് ആവശ്യമായ സ്ഥലം അനുവദിച്ചത്. കശ്മീരിൽ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വർദ്ധിപ്പിക്കുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. കശ്മീർ ഉത്പന്നങ്ങൾക്ക് മികച്ച ആവശ്യകതയാണ് ഗൾഫ് നാടുകളിലുള്ളത്. ഗുജറാത്തിലും പുതിയ ഭക്ഷ്യ സംസ്കരണ കേന്ദ്രം, ഹൈപ്പർ മാർക്കറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെ ഭക്ഷ്യോത്പന്നങ്ങളുടെ ആഗോളവ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവൃത്തികളിലും പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രാദേശിക ഉത്പന്നങ്ങളുടെ പ്രചാരം ലഭിക്കുന്നതോടൊപ്പം കർഷകർക്ക് മികച്ച വിലയാണ് ലഭിക്കുന്നത്. ഇത് കർഷകരിൽ ആത്മവിശ്വസം വർദ്ധിപ്പിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രധനമന്ത്രി ആശംസകൾ നേർന്നു. കൊറോണ പ്രതിസന്ധി തരണം ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിവിധ ഉത്തേജക പദ്ധതികൾ നടപ്പാക്കിയതിലൂടെ വാണിജ്യ വ്യവസായ മേഖലയ്ക്ക് പുതിയ ഉണർവ് ലഭിച്ചുവെന്ന് യൂസഫലി പറഞ്ഞു.
പ്രവാസികളായ നിരവധി നിക്ഷേപകർ രാജ്യത്ത് കൂടുതലായി മുതൽ മുടക്കാൻ തയ്യാറാകുന്നുണ്ട്. ഇതിന് കാരണം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം സ്വന്തം നിക്ഷേപമായി കണക്കാക്കുന്ന മോദി സർക്കാരിന്റെ പുതിയ നയമാണ്. ലക്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലുലു ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാളുകൾ ഈ വർഷം അവസാനത്തോടെ പ്രവർത്തനമാരംഭിക്കും. ഇത് ഉൾപ്പെടെ 5000 കോടിയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഈ മേഖലയിൽ നടത്തിയിരിക്കുന്നത്. ഇതിലൂടെ കൂടുതൽ ആളുകൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു.
Post Your Comments