ലക്നൗ: ഉത്തർപ്രദേശിൽ ഓൺലൈൻ പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് യുവതികളെ എത്തിച്ച് പെൺവാണിഭം നടത്തിയ വലിയ സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഒറയ്യയിലെ ദളിപ്പൂർ സ്വദേശി സൽമാനാണ് സംഘത്തിന്റെ സൂത്രധാരൻ. സംഘത്തിൽ ഉൾപ്പെട്ട നാല് പെൺകുട്ടികളും പോലീസിന്റെ പിടിയിലായി. ആവശ്യക്കാരെന്ന വ്യാജേന തേടിയെത്തിയാണ് പോലീസ് ഇവരെ കുടുക്കിയത്.
സോഷ്യൽ മീഡിയയിലൂടെയാണ് ആളുകളുകളെ കണ്ടെത്തുന്നതെന്നും പെൺകുട്ടികളുടെ ഫോട്ടോകൾ വാട്സാപ്പിൽ ആവശ്യക്കാർക്ക് അയക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ സൽമാൻ വ്യക്തമാക്കി. തുടർന്ന് അയ്യായിരം മുതൽ ഇരുപതിനായിരം രൂപ വരെ ഈടാക്കി പെൺകുട്ടികളെ ആവശ്യക്കാരുടെ അടുത്തേക്ക് അയക്കും. പശ്ചിമ ബംഗാളിൽ നിന്നുള്ള രണ്ട് പെൺകുട്ടികളും, ഗാസിയാബാദിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള ഓരോ പെൺകുട്ടികളുമാണ് പോലീസിന്റെ പിടിയിലായത്.
ആവശ്യക്കാരെ കണ്ടെത്താനായി പെൺകുട്ടികളെ കമ്പനികളിൽ ജോലിക്ക് അയക്കുമായിരുന്നുവെന്നും ഇത്തരത്തിൽ ലഭിക്കുന്ന തുകയുടെ 40 ശതമാനം പെൺകുട്ടികൾക്ക് നൽകി ബാക്കി തുക സൽമാനും പങ്കാളികളും വീതം വെച്ച് എടുക്കുമായിരുന്നുവെന്നും പോലീസ് പറയുന്നു. സൽമാനെതിരെ പെൺവാണിഭം ഉൾപ്പെടെ 10 കേസുകൾ നേരത്തേ നിലവിലുണ്ട്.
Post Your Comments