ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ അതിര്‍ത്തി രക്ഷാസേനയുടെ ( ബിഎസ്എഫ്) അധികാര പരിധി വര്‍ധിപ്പിച്ചു. പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സുരക്ഷാ സേനയുടെ അധികാരപരിധി 50 കിലോമീറ്ററായി നീട്ടാനാണ് തീരുമാനം.
നേരത്തെ, 15 കിലോമീറ്ററായിരുന്നു അധികാര പരിധി. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഈ മേഖലയില്‍ പരിശോധന നടത്താനും നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കാനും അളുകളെ അറസ്റ്റ് ചെയ്യാനും ബിഎസ്എഫിന് കൂടുതല്‍ അധികാരം ലഭിക്കും. അതേസമയം അതിർത്തി വഴിയുള്ള ഭീകരവാദവും മയക്കുമരുന്ന് കടത്തും വളരെയധികം വർദ്ധിച്ചതിനാലാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക തീരുമാനം.
ഈ തീരുമാനം സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് പഞ്ചാബും ബംഗാളും ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം പിന്‍വലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
എന്നാൽ ചരൺജിത് സിംഗ് ചന്നി അമിത് ഷായെ കണ്ട ശേഷമാണ് കേന്ദ്രസർക്കാർ ഈ തീരുമാനമെടുത്തതെന്നാണ് കോൺഗ്രസിൽ തന്നെയുള്ള ആരോപണം. അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി തൃണമൂലും രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണെന്ന് ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ഫര്‍ഹാദ് ഹക്കിം പറഞ്ഞു.ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട് 10 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.
Post Your Comments