KeralaLatest News

തലാക്ക് കേസ്: പോലീസ് സംരക്ഷണത്തോടെ വീട്ടിൽ താമസിക്കുന്ന ആദ്യഭാര്യയെ വെട്ടി ഗുരുതരാവസ്ഥയിലാക്കി

ഖദീജയെ അടിച്ച്‌ വീഴ്ത്തിയതിനു ശേഷം രണ്ടാം ഭാര്യയും പരീതും ചേര്‍ന്നാണ് അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അടിമാലി: കോടതിയില്‍ നിന്നുള്ള പോലീസ് പ്രൊട്ടക്ഷന്‍ ഉത്തരവുമായി ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന ആദ്യ ഭാര്യ ഖദീജക്ക് നേരെ വീണ്ടും വധശ്രമം. ഭര്‍ത്താവിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് കൊന്നത്തടി കണിച്ചാട്ട് പരീതിനെതിരെയാണ് പരാതി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഖദീജയെ തലക്കടിച്ചു വീഴ്ത്തിയത്.

അടിമാലി താലൂക്കു ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു ഖദീജ. രക്തസ്രവം നിലക്കാത്തതിനാല്‍ വിദഗ്ദ്ധ ചികിത്സക്ക് ആയി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2019 സെപ്തംബര്‍ 5 ന് തലാക്ക് ചൊല്ലിയതിന് ശേഷം പരിത് ഖദീജയെ വാക്കത്തി ഉപയോഗിച്ച്‌ വെട്ടിയിരുന്നു. അന്ന് ഉമ്മയെ രക്ഷിക്കാന്‍ ഇടയ്ക്കു കയറിയ മകന്‍ കമറുദീനും ആഴത്തിലുള്ള വെട്ടേറ്റിരുന്നു. ഇപ്പോൾ വീണ്ടും ഇവർക്കെതിരെ ആക്രമണം ഉണ്ടായിരിക്കുകയാണ്.

ഖദീജയെ അടിച്ച്‌ വീഴ്ത്തിയതിനു ശേഷം രണ്ടാം ഭാര്യയും പരീതും ചേര്‍ന്നാണ് അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ വീണ് പരിക്കേറ്റു എന്നാണ് ഇവർ ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ പരീതുമായി വഴക്ക് ഉണ്ടായ വിവരം ഖദീജ കട്ടപ്പനയുള്ള മകന്‍ കമറുദ്ദീനെ അറിയിച്ചിരുന്നു. തുടര്‍ന്ന് മകൻ ബന്ധുക്കളെ വിവരം അറിയച്ചതിനെ തുടര്‍ന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി കണ്ടപ്പോൾ ഇവർ താടിയെല്ല് ഒടിഞ്ഞ നിലയില്‍ ആയിരുന്നു.

ഖദീജയുടെ ബന്ധുക്കള്‍ എത്തിയതിനെ തുടര്‍ന്ന് പരീതും രണ്ടാം ഭാര്യയും ആശുപത്രിയില്‍ നിന്നും കടന്നു കളഞ്ഞു. വെള്ളത്തൂവല്‍ പൊലീസില്‍ മകന്‍ വിളിച്ച്‌ പറഞ്ഞത് അനുസരിച്ച്‌ ഖദീജയുടെ മൊഴിയെടുക്കാന്‍ എത്തിയപ്പോള്‍ സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഖദീജ.

ഭര്‍ത്താവ് കൂഞ്ഞുമോന്‍ എന്നറിയപ്പെടുന്ന പരീത് മറ്റൊരുയുവതിയെ വിവാഹം കഴിച്ച്‌ വീട്ടില്‍ കൊണ്ടുവരികയും ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെ മാനസികമായും ശാരികമായും ഉപദ്രവിച്ചെന്നും തുടര്‍ന്ന് മുത്തലാക്ക് ചൊല്ലി വീട്ടില്‍ നിന്നും ഇറക്കി വിട്ടെന്നുമായിരുന്നു ഖദീജ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജ്ജിയിലെ പ്രധാന ആരോപണം.

ഇതിനിടയില്‍ പരീത് വീടും സ്ഥലവും സ്വന്തം ഉമ്മയുടെ പേരിലേക്ക് മാറ്റുകയും നിയമ വഴിയില്‍ ഖദീജയുടെ പ്രവേശനം വിലക്കി കോടതി ഉത്തരവ് സമ്പാദിക്കുകയുമായിരുന്നു. ഖദീജ പൊലീസ് സംരക്ഷണയില്‍ താമസിച്ചുവരവെയാണ് പരീത് ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ തരപ്പെടുത്തിയത്. ഖദീജയോട് വാടക വീട്ടിലേക്ക് മാറാനും ഈ ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button