മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെതിരെ നിര്‍ണായക നീക്കവുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ് വഴി ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്തതില്‍ ആര്യന്‍ ഖാന്‍ പ്രധാന പങ്കാളിയാണെന്ന് ആര്യന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍.സി.ബി ചൂണ്ടിക്കാട്ടി. ലഹരിമരുന്ന് കൂട്ടുകെട്ടില്‍ അഭിഭാജ്യമായ ഭാഗമാണ് ആര്യന്‍. മയക്കുമരുന്ന് അനധികൃതമായി എത്തിക്കുന്നതിനുള്ള രാജ്യാന്തര ലഹരിമരുന്ന് കണ്ണിയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്നും എന്‍.സി.ബി അറിയിച്ചു.
മുംബൈ സ്‌പെഷ്യല്‍ കോടതിയില്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് എന്‍.സി.ബി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ലഹരി ഇടപാടിലെ ഗൂഢാലോചനയില്‍ ആര്യന്‍ ഖാനും മറ്റ് പ്രതികളും പങ്കാളികളാണ്. ആര്യന്റെ നിര്‍ദേശപ്രകാരമാണ് അര്‍ബാസ് മെര്‍ച്ചന്റ് ലഹരി എത്തിച്ചത്. അത് അര്‍ബാസിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തിരുന്നു. മറിച്ചുള്ള ആരോപണങ്ങള്‍ അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്- എന്‍.സി.ബി ഉന്നയിച്ചു.
ആര്യന്‍ ഖാനും മറ്റ് ഏഴ് പ്രതികളും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ മജിസ്‌ട്രേറ്റ് കോടതി ഇരുവരുടെ ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ആര്യനും സംഘവും എന്‍.സി.ബിയുടെ പിടിയിലാകുന്നത്.
Post Your Comments