ന്യൂഡൽഹി : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് ആവർത്തിച്ച് ഐഎംഎഫ്. ഇന്ത്യ ഈ വർഷം 9.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് സർവ്വേ വ്യക്തമാക്കുന്നത്. അമേരിക്ക, യുകെ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളെ പിന്തള്ളിക്കൊണ്ടാണ് ഇന്ത്യ ഇത്തവണ മുൻപന്തിയിലെത്തിയിരിക്കുന്നത്. 2022 ൽ ഇത് 8.5 ശതമാനം ആയേക്കും. ആഗോള തലത്തിൽ ഈ വർഷം 5.9 ശതമാനം വളർച്ച ഉണ്ടാകുമെന്നും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക വളർച്ചയിൽ ഇന്ത്യയ്‌ക്ക് തൊട്ടുപിന്നാലെ ചൈനയാണ് ഉള്ളത്. 8 ശതമാനമാണ് ചൈനയിലെ ഈ വർഷത്തെ വളർച്ച. 2022 ഓടെ ഇത് 5.6 ആയി കുറയുമെന്നും സർവ്വേ വ്യക്തമാക്കുന്നു. യുഎസിൽ ഈ വർഷം 6 ശതമാനമാണ് വളർച്ചയെങ്കിൽ അടുത്ത വർഷം അത് 5.2 ആയി കുറയാനാണ് സാധ്യത. അതേസമയം 2022 ൽ ആഗോള തലത്തിലുള്ള സാമ്പത്തിക വളർച്ച 4.9 ശതമാനമാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൊറോണ മഹാമാരി സാമ്പത്തിക വ്യവസ്ഥയെ ആഗോളതലത്തിൽ ബാധിച്ചിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് പറഞ്ഞു.
അവികസിത രാജ്യങ്ങളെ ഇത് വളരെയേറെ ബാധിച്ചിട്ടുണ്ട്. മിക്ക രാജ്യങ്ങളിലേയും തൊഴിൽ അവസരങ്ങൾ കുറഞ്ഞതോടെ ഈ മേഖലയിലെ തിരിച്ചുവരവ് വെല്ലുവിളിയായിരിക്കുകയാണ്. എന്നാൽ ചില ഉത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിച്ചതായി ഗീത ഗോപിനാഥ് പറഞ്ഞു. 2024 ഓടെ സമ്പദ്വ്യവസ്ഥയിൽ തിരിച്ചുവരവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.
Post Your Comments