Latest NewsKeralaNews

ലഹരി കടത്തില്‍ വിദഗ്ദ്ധര്‍ സ്ത്രീകള്‍ :സാനിറ്ററി നാപ്കിനിലും അടിവസ്ത്രങ്ങളിലും മാരകമായ ലഹരി വസ്തുക്കള്‍ തിരുകിവെയ്ക്കും

കോഴിക്കോട്: കേരളത്തില്‍ ലഹരി മരുന്ന് വ്യാപാരം തഴച്ചു വളരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മയക്കുമരുന്ന് സഹിതം നിരവധി യുവതീ-യുവാക്കളാണ് പൊലീസ് പിടിയിലായത്. ഇതോടെ പൊലീസും എക്‌സൈസും സംയുക്തമായി ലഹരിവേട്ടയ്ക്ക് ഇറങ്ങിത്തിരിച്ചതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വലിയതോതില്‍ ലഹരി കടത്തുന്ന സംഘങ്ങള്‍ കൂടുതലായും സ്ത്രീകളെ കാരിയര്‍മാരാക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് സ്ത്രീകള്‍ ലഹരിമരുന്ന് കടത്തുന്നുണ്ടെന്നാണ് വിവരം.

Read Also : സംസ്ഥാനത്ത് കുഴൽപ്പണക്കേസുകൾ കൂടുതൽ മലപ്പുറത്ത്: തെക്കൻ ജില്ലകളിൽ കേസുകളില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി

മാരക ലഹരിമരുന്നുമായി പിടിയിലായ ചേവായൂര്‍ സ്വദേശിനി അമൃത തോമസിനു സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍നിന്ന് കോഴിക്കോട്ടെത്തുന്നവര്‍ക്ക് സ്വകാര്യ റിസോര്‍ട്ടുകളില്‍ ലഹരി പാര്‍ട്ടി ഏര്‍പ്പാടു ചെയ്യുന്നതിനു നേതൃത്വം നല്‍കുന്നത് അമൃതയാണെന്നാണ് സൂചന. കൊച്ചിയില്‍ അമൃത നടത്തിയ ലഹരി ഇടപാടുകള്‍ എന്തെന്നുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. തിരുവണ്ണൂരില്‍ മാരക ലഹരിമരുന്നുമായാണ് ഫറോക് റേഞ്ച് എക്സൈസ് കഴിഞ്ഞ ദിവസം അമൃതയെ അറസ്റ്റു ചെയ്തത്. അമൃതയുടെ അറസ്റ്റോടെയാണ് സ്ത്രീ കാരിയര്‍മാരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലാണ് 33 വയസ്സുകാരിയായ അമൃത.

ആരും പെട്ടെന്നു സംശയിക്കില്ലെന്ന വിശ്വാസമാണ് സ്ത്രീകളെ ലഹരി കടത്താന്‍ ഉപയോഗിക്കുന്നതിനു കാരണം. അടിവസ്ത്രത്തിലും നാപ്കിന്‍ പാഡിലുമാണു ഇവര്‍ കൂടുതലായും ലഹരി കടത്തുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങളും സാനിറ്ററി നാപ്കിന്‍ പായ്ക്കറ്റും ബാഗില്‍ കണ്ടാല്‍ കര്‍ശനമായ പരിശോധനയ്ക്ക് ആരും മുതിരാറില്ല. ഇതാണ് അവസരമാക്കുന്നത്. സാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടര്‍ത്തിമാറ്റി അതിനുള്ളില്‍ ലഹരി തിരുകികയറ്റും. ബ്രായുടെ തുന്നല്‍ മാറ്റി അതിനുള്ളില്‍ എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും.

ഒരു മാസം മുന്‍പ് കുന്നമംഗലത്തുനിന്ന് കാറില്‍ കടത്തുകയായിരുന്ന 18.7 കിലോ കഞ്ചാവുമായി പിടിയിലായ തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീന (43) കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന രീതിയിലാണു കഞ്ചാവ് കടത്തിക്കൊണ്ടിരുന്നത്. ഭര്‍ത്താവിനൊപ്പം വയനാട്ടിലേക്കു പോകുകയാണെന്നാണ് ലീന പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വിശദമായി ചോദ്യം ചെയ്തതോടെ കൂടെയുള്ളത് ഭര്‍ത്താവല്ലെന്നും സുഹൃത്താണെന്നും പൊലീസിന് മനസിലായി. ഇതോടെ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തൃശൂരില്‍ ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന ലീന അവിടെവച്ചാണ് ബേക്കറി ജീവനക്കാരനായ സനിലിനെ പരിചയപ്പെടുന്നത്. ലോക്ഡൗണില്‍ ഇരുവരുടെയും സ്ഥാപനങ്ങള്‍ അടച്ചതോടെയാണ് കഞ്ചാവ് കടത്തിലേക്കു തിരിഞ്ഞതെന്നാണ് പറയുന്നത്. ലീനയുടെ ഫോണ്‍ കോള്‍ പരിശോധനയില്‍ നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button