ലക്നൗ: ലഖീംപൂര്‍ ഖേരിയില്‍ നടന്ന ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതല്ലെന്നും അത് പ്രത്യാക്രമണം മാത്രമായിരുന്നുവെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. ആക്രമണം നടത്തിയ പ്രതിഷേധക്കാര്‍ കുറ്റവാളികള്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച് രാകേഷ് ടികായത്ത് രംഗത്തെത്തിയത്.
ഒരു വാഹനാപകടം നടന്നാല്‍ രണ്ട് പേര്‍ വഴക്ക് കൂടുന്നത് സാധാരണയായ കാഴ്ചയാണെന്നും അതിനെ എന്താണ് വിളിക്കാറുള്ളതെന്നും അദ്ദേഹം ചോദിച്ചു. അത് തന്നെയാണ് ലഖീംപൂര്‍ ഖേരിയിലും നടന്നത് എന്ന് രാകേഷ് ടികായത്ത് വ്യക്തമാക്കി. ബിജെപി പ്രവര്‍ത്തകരെയും ഡ്രൈവറെയും കൊലപ്പെടുത്തിയവര്‍ കുറ്റവാളികള്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ലഖീംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഒക്ടോബര്‍ 12ന് കലാഷ് യാത്ര നടത്തും. തുടര്‍ന്ന് ഒക്ടോബര്‍ 18ന് ട്രെയിനുകള്‍ തടഞ്ഞ് പ്രതിഷേധവും ഒക്ടോബര്‍ 26ന് മഹാപഞ്ചായത്തും ആഹ്വാനം ചെയ്തിട്ടുണ്ട്.
Post Your Comments