കൊച്ചി : കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്‍റെ ബലക്ഷയം സംബന്ധിച്ച് പ്രതികരണവുമായി മുൻ ഗതാഗതമന്ത്രി ജോസ് തെറ്റയിൽ. ജോസ് തെറ്റയിലിന്റെ കാലത്തായിരുന്നു ടെർമിനലിന്റെ പ്രധാന നിർമാണപ്രവൃത്തികൾ നടന്നത്. എന്നാൽ. തന്റെ മന്ത്രിസ്ഥാനം ഒഴിഞ്ഞ് നാലുവർഷം കഴിഞ്ഞാണ് പദ്ധതി പൂർത്തിയായതെന്നും ആരാണ് കോൺട്രാക്ടർ എന്നുപോലും അറിയില്ലെന്നും തെറ്റയിൽ പറഞ്ഞു.
‘കോഴിക്കോട് ബസ് ടെർമിനലിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് താൻ ഗതാഗതമന്ത്രിയായിരിക്കെ ഒരുതരത്തിലുമുള്ള ആക്ഷേപമുണ്ടായിട്ടില്ല. കെട്ടിടത്തിന്റെ ഡിസൈനും പ്ലാനും ശിലാസ്ഥാപനവും കഴിഞ്ഞാണ് താൻ മന്ത്രിയായത്. തന്റെ കാലത്ത് നിർമാണപ്രവൃത്തിക്ക് തടസമുണ്ടായിരുന്നില്ല. ആരാണ് കോൺട്രാക്ടർ എന്നുപോലും അറിയില്ല. മന്ത്രിസ്ഥാനം ഒഴിഞ്ഞ് നാലുവർഷം കഴിഞ്ഞാണ് പദ്ധതി പൂർത്തിയായത്’- ജോസ് തെറ്റയിൽ പറഞ്ഞു.
അതേസമയം, ബലക്ഷയം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതലയോഗം വിളിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി ആന്റണി രാജു, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും തമ്മിലുള്ള ചർച്ചക്ക് ശേഷമായിരിക്കും തുടർനടപടി തീരുമാനിക്കുക. ഉദ്യോഗസ്ഥർക്കെതിരായ നടപടിയടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
Post Your Comments