Latest NewsInternational

അഫ്ഗാനിലെ പള്ളിയാക്രമണം: സംശയമുന ഐ.എസിലേക്ക്: താലിബാന്റെ പ്രതികരണം വന്നു , മരണം 100 കടന്നു

പ്രാർഥനയ്ക്കിടെ ഗോസർ-ഇ-സയെദ് അബാദ് ഷിയാപള്ളിയിലുണ്ടായ ആക്രമണത്തിൽ നൂറോളംപേർ കൊല്ലപ്പെട്ടു.

കാബൂൾ: അഫ്ഗാനിസ്താനിലെ കുണ്ടുസ് നഗരത്തിൽ ഷിയാ പള്ളിക്കുനേരെയുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയമുന ഭീകരസംഘടനയായ ഐ.എസിലേക്കാണ് നീളുന്നത്. പ്രാർഥനയ്ക്കിടെ ഗോസർ-ഇ-സയെദ് അബാദ് ഷിയാപള്ളിയിലുണ്ടായ ആക്രമണത്തിൽ നൂറോളംപേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച പ്രാർഥനയ്ക്കായി മുന്നൂറോളം പേരാണ് പ്രാർഥനയ്ക്കായി പള്ളിയിൽ ഒത്തുകൂടിയിരുന്നത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. പള്ളിക്കുള്ളിലെത്തിയ അക്രമി വിശ്വാസികൾക്കിടയിൽ വെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പ്രവിശ്യാ പോലീസ് ഉപമേധാവി ദോഷ്ത് മുഹമ്മദ് ഒബൈദ പറഞ്ഞു. വെള്ളിയാഴ്ചത്തെ ആക്രമണത്തിനുപിന്നാലെ രാജ്യത്തെ ഷിയാ മുസ്‌ലിങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് താലിബാൻ പ്രതികരിച്ചു.

വിശദമായ അന്വേഷണം ആരംഭിച്ചതായും സംഘടന വ്യക്തമാക്കി. രാജ്യത്തെ ഷിയാമുസ്‌ലിങ്ങൾക്കുനേരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ഐ.എസ്., ഷിയാപള്ളികളിൽ ആക്രമണം നടത്തുന്നത് പതിവാണ്. കഴിഞ്ഞ ‍ഞായറാഴ്ച
കാബൂളിൽ പള്ളിക്കുപുറത്ത് ഐ.എസ്. നടത്തിയ സ്ഫോടനത്തിൽ 12 പേർ മരിച്ചിരുന്നു. ബുധനാഴ്ച ഖോസ്ത് പ്രവിശ്യയിൽ മതപഠനശാലയ്ക്കുനേരെയും ആക്രമണം നടന്നു. രാജ്യത്തിന്റെ അധികാരം താലിബാൻ ഏറ്റെടുത്തതിനുപിന്നാലെ അവർക്കുനേരെ ആക്രമണങ്ങളുമായി ഐ.എസ്. രംഗത്തെത്തിയിരുന്നു.

തങ്ങളുടെ അംഗങ്ങളെ വധിച്ച പന്ത്രണ്ടിലധികം ഐ.എസ്. ഭീകരരെ അറസ്റ്റുചെയ്തതായി താലിബാൻ അവകാശപ്പെട്ടതിനുപിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. അഫ്ഗാൻറെ വടക്കൻ പ്രദേശത്തേക്ക് ഐ.എസ്. ആക്രമണം വ്യാപിപ്പിക്കുന്നത് അയൽരാജ്യമായ താജിക്കിസ്താന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ആക്രമണമുണ്ടായതിനുപിന്നാലെ താജിക്കിസ്താന് എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്ന് റഷ്യ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button