ചെന്നൈ: ക്രൈസ്തവ വിശ്വാസം പിന്തുടര്ന്ന് പള്ളിയില്‍ പോവുകയോ കുരിശ് പോലുള്ള മതചിഹ്നങ്ങള്‍ കൊണ്ടുനടക്കുകയോ ആചാരങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്യുന്നത് മൂലം പട്ടികജാതി സമുദായ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി.
ക്രിസ്ത്യാനിയെ വിവാഹം കഴിച്ചതിന്റെ പേരിൽ പട്ടികജാതി സമുദായ സർട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടി ചോദ്യംചെയ്ത് വനിതാ ഡോക്ടർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിക്കാരിയുടെ ക്ലിനിക് സന്ദർശിച്ചപ്പോൾ ചുമരിൽ കുരിശു കണ്ടെന്നും അതിനാൽ അവർ ക്രിസ്തുമതത്തിലേക്കു മാറിയെന്നു ബോധ്യപ്പെട്ടെന്നും പറഞ്ഞാണ് അധികൃതർ സർട്ടിഫിക്കറ്റ് റദ്ദാക്കിയത്.
ഒരു വ്യക്തി പള്ളിയില്‍ പോകുന്നു എന്നതിനര്‍ത്ഥം ആ വ്യക്തി ജനനം മുതലുള്ള യഥാര്‍ത്ഥ വിശ്വാസം പൂര്‍ണ്ണമായും ഉപേക്ഷിച്ചുവെന്നല്ല എന്ന് കോടതി വിലയിരുത്തി. ഭരണഘടന ഒരിക്കലും പ്രോത്സാഹിപ്പിക്കാത്ത രീതിയിലുള്ള സങ്കുചിത ചിന്താഗതിയാണ് ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്ന് കോടതി അഭിപ്രായപ്പെട്ടു.
വിശ്വാസം ഉപേക്ഷിച്ചെന്നോ ക്രിസ്തുമതം സ്വീകരിച്ചെന്നോ അവർ സത്യവാങ്മൂലത്തിൽ പറയുന്നുമില്ല. സർട്ടിഫിക്കറ്റ് റദ്ദാക്കിയത് ഏകപക്ഷീയ നടപടിയാണെന്നും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി നടപടിയെടുക്കരുതെന്നും പറഞ്ഞ കോടതി ജാതി സർട്ടിഫിക്കറ്റിനു പ്രാബല്യമുണ്ടെന്നും വിധിച്ചു.
Post Your Comments