ന്യൂഡല്‍ഹി: 2011 മേയ് 10. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഒരു മോട്ടോര്‍ സൈക്കിളിന് പിന്നിലിരുന്ന് ഉത്തര്‍ പ്രദേശിലെ ജേവാര്‍ മണ്ഡലത്തിലെ ഇരട്ടഗ്രാമങ്ങളായ ഭട്ട-പ്രസൂല്‍ സന്ദര്‍ശിക്കുന്നു. ഏറെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കാഴ്ചയായിരുന്നു അത്. കര്‍ഷക നേതാവും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്ന ധീരേന്ദ്ര സിങ് ആയിരുന്നു അന്ന് രാഹുലിനെ പിന്നിലിരുത്തി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്നത്. എന്നാല്‍, 10 വര്‍ഷത്തിനിപ്പുറം ഇന്ന് ധീരേന്ദ്ര സിങ് ജേവാറില്‍നിന്നുള്ള ബി.ജെ.പി. എം.എല്‍.എയാണ്.
2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ടിക്കറ്റില്‍ വിജയിച്ച് ആദ്യമായി എം.എല്‍.എയായ അന്നത്തെ കര്‍ഷകനേതാവ്, ഇന്ന് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളെ ശക്തിയുക്തം പിന്തുണയ്ക്കുകയും ചെയ്യുന്നു. നഷ്ടം സംഭവിച്ച, വന്‍കടബാധ്യതയുള്ളതും ആത്മഹത്യ ചെയ്തതുമായ കര്‍ഷകരെ പ്രതിപക്ഷ പാര്‍ട്ടികളും ചില കര്‍ഷക സംഘടനകളും ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ധീരേന്ദ്ര സിങ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കര്‍ഷക നിയമത്തിനെതിരേ ചില ആളുകള്‍ പ്രതിഷേധിക്കുന്നത് അതിന്റെ ഗുണഫലങ്ങളെ പരിഗണിക്കാതെ ആണെന്നും സിങ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരെ സഹായിക്കാനും കാര്‍ഷികവൃത്തി ലാഭകരമായ തൊഴിലാക്കാനും ശ്രമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ജനശ്രദ്ധ ആകര്‍ഷിക്കാനുള്ള ചേഷ്ടകള്‍ കാണിക്കുകയാണെന്നും സിങ് പരിഹസിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് ചില വിഷയങ്ങള്‍ ആവശ്യമുണ്ട്.
പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യം കര്‍ഷകരെ സഹായിക്കുക എന്നതല്ല. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുക എന്നതാണ് ലക്ഷ്യമെന്നും സിങ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ ആയിരിക്കെ, യു.പി. വക്താവ്, സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജ് എന്നീ പദങ്ങളില്‍ വരെ ധീരേന്ദ്ര സിങ് എത്തിയിരുന്നു. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിലായി.
യു.പി. കോ യേ സാഥ് പസന്ദ് ഹേ(യു.പിക്ക് ഈ സഖ്യം ഇഷ്ടമാണ്) എന്ന മുദ്രാവാക്യം പ്രചരിപ്പിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നതായും ധീരേന്ദ്ര സിങ് പറയുന്നു. യു.പി. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാജ് ബബ്ബാറിനെ കൊണ്ടുവരാനുള്ള നീക്കത്തെയും സിങ്ങിന് അനുകൂലിക്കാന്‍ സാധിച്ചിരുന്നില്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ രാജ് ബബ്ബറിനെ താന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ യോഗ്യതകള്‍ എന്താണ്- സിങ് ആരാഞ്ഞു.
Post Your Comments