തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തമിഴ്‌നാട് തീരത്തോട് ചേര്‍ന്നുള്ള ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ആറ് ജില്ലകളിലെ യെല്ലോ അലേര്‍ട്ട് കൂടാതെ ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: ജനങ്ങളെ പരിഭ്രാന്തരാക്കരുത്: ജനത്തിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് മേയര്‍
കോഴിക്കോട്, വയനാട്, കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശനിയാഴ്ച രാത്രി കനത്ത മഴ ലഭിച്ചു. കാസര്‍കോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തില്‍ നേരിയ ഉരുള്‍പൊട്ടലുണ്ടായി. കൊളക്കാടന്‍ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാരശ്ശേരി ഊരാളിക്കുന്നുമലയിലും തോട്ടയ്ക്കാട് മലയിലും മലവെള്ളപ്പാച്ചിലുണ്ടായി. തമിഴ്‌നാടിന്റെ ഭാഗത്തുണ്ടായ ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കാര്‍മേഘങ്ങള്‍ വന്‍തോതില്‍ കേരളത്തിലൂടെ കടന്നുപോകുമെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു. അഞ്ചാം തീയതിവരെ ഇടിയും മിന്നലും മഴയും ചേര്‍ന്ന കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.
Post Your Comments