ജിദ്ദ : കോവിഡ് വാക്സിന് ഡോസുകൾ രണ്ടും എടുത്ത 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി ഉംറക്ക് പെര്‍മിറ്റ് നല്‍കാനും ബുക്കിങിനും അനുവദിച്ചുള്ള നിര്‍ദേശം ഹജ്ജ് ഉംറ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഉംറ നിര്‍വഹിക്കാനും മസ്ജിദുല്‍ ഹറാമില്‍ നമസ്കാരത്തിനും നിര്‍ബന്ധമായും വാക്സിനെടുത്തിരിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഉണര്‍ത്തിയിട്ടുണ്ട്. ഒരു ഉംറ പെര്‍മിറ്റിനും മറ്റൊരു പെര്‍മിറ്റിനുമിടയിലെ കാലയളവ് 15 ദിവസമായി നിശ്ചയിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട കാലയളവ് അവസാനിച്ചതിനു ശേഷമേ വീണ്ടും ഉംറക്ക് ബുക്കിങ് നടത്താനാവൂ. ഒരേ സമയം ഒന്നിലധികം ദിവസങ്ങളില്‍ മസ്ജിദുല്‍ ഹറാമിലെ നമസ്കാരത്തിനു പെര്‍മിറ്റ് നേടാനാകില്ല. നിലവിലെ പെര്‍മിറ്റ് കാലാവധി കഴിഞ്ഞ ശേഷമേ മറ്റൊരു ദിവസത്തേക്ക് ബുക്കിങ് നടത്താനാവൂ.
ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഉംറക്ക് അനുമതി നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നത്. ഉംറ പുനരാരംഭിച്ചപ്പോള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് രാജ്യത്തിനകത്തുള്ള 18 നും 70 നും പ്രായമുള്ളവര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നത്.
70 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിനെടുത്തിട്ടുണ്ടെങ്കിലും അനുമതി നല്‍കിയിരുന്നില്ല. അടുത്തിടെയാണ് രണ്ട് ഡോസ് വാക്സിനെടുത്ത 12 നും 18 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഉംറക്ക് അനുമതി നല്‍കിയത്. ഇപ്പോള്‍ 70 നു മുകളിലുള്ളവര്‍ക്കും ഉംറക്ക് അനുമതി നല്‍കിയിരിക്കുകയാണ്.
Post Your Comments