Latest NewsKeralaNewsIndia

‘കാളിയമർദ്ദനം നടത്തി അവസാനം കോൺഗ്രസിൽ എത്തി’: കനയ്യയെ പുകഴ്ത്തിയ എം.ബി രാജേഷിനെ ട്രോളി സോഷ്യൽ മീഡിയ

കൊച്ചി: ചൊവ്വാഴ്ചയാണ് ജെഎൻയു മുൻ വിദ്യാർഥി നേതാവും ബിഹാറിൽ നിന്നുള്ള സിപിഐ നേതാവുമായ കനയ്യ കുമാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. രാജ്യം നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടതുണ്ടെന്ന് പറഞ്ഞാണ് കനയ്യ കോൺഗ്രസിൽ എത്തിയത്. ഇതോടെ മുൻപ് കനയ്യയെ വാനോളം പുകഴ്ത്തിയ നേതാക്കളെ വിടാതെ ട്രോളുകയാണ് സോഷ്യൽ മീഡിയ. കൂട്ടത്തിൽ സ്പീക്കർ എം.ബി. രാജേഷുമുണ്ട്. മുൻപ് കനയ്യയെ ശ്രീകൃഷ്ണന് സമാനമായിരുന്നു സ്പീക്കർ പുകഴ്ത്തിയിരുന്നത്. എം ബി രാജേഷിന്റെ ഈ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയ അദ്ദേഹത്തെ പരിഹസിക്കുന്നത്.

Also Read:മാനസിക പ്രശ്‌നങ്ങളെ ചെറുക്കുന്നതിന് ‘കട്ടന്‍കാപ്പി’!

‘കന്‍ഹയ്യ എന്നാല്‍ ഹിന്ദിയില്‍ കൃഷ്ണന്‍ എന്നര്‍ത്ഥം. സാക്ഷാല്‍ ശ്രീകൃഷ്ണന്‍ കാളിയന്‍റെ പത്തിയില്‍ നര്‍ത്തനമാടിയതുപോലെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ വിഷപ്പത്തി ചവിട്ടി മെതിച്ച ഒരു കാളിയമര്‍ദ്ധനമായിരുന്നു, ജയില്‍ മോചിതനായ കന്‍ഹയ്യ JNU വില്‍ നടത്തിയ പ്രസംഗം. വാക്കുകള്‍ക്ക് വെടിയുണ്ടകളേക്കാള്‍ സ്ഫോടന ശക്തിയുണ്ടെന്ന് തെളിയിച്ച പ്രസംഗം. ഒരു പ്രസംഗത്തിനു വേണ്ട എല്ലാ ഗുണങ്ങളും അതില്‍ ഒത്തിണങ്ങിയിരുന്നു. തികഞ്ഞ ആശയ വ്യക്തത, അതിനൊത്ത രാഷ്ത്രീയ മൂര്‍ച്ച. സംഘപരിവാരത്തിന്‍റെ 56 ഇഞ്ച് വീതിയുള്ള നെഞ്ചില്‍ ആയിരുന്നു ഈ 28കാരന്‍ പയ്യന്‍റെ കാളിയമര്‍ദ്ദനം’- ഇങ്ങനെയായിരുന്നു 2016 ൽ എം ബി രാജേഷ് കനയ്യയെ കുറിച്ച് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.

കനയ്യ കുമാർ കോൺഗ്രസിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ സിപിഐ ആസ്ഥാനത്തെ സ്വന്തം മുറിയിൽ ഘടിപ്പിച്ചിരുന്ന എയർ കണ്ടീഷണർ കനയ്യ കുമാർ അഴിച്ചുകൊണ്ടുപോയിരുന്നു. പിന്നാലെയായിരുന്നു കോൺഗ്രസ് രംഗപ്രവേശനം. ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയനിലൂടെ ഉയര്‍ന്നുവന്ന കനയ്യ നിരവധി സമരങ്ങളിലൂടെ ശ്രദ്ധ നേടിയ വിപ്ലവ നേതാവായിരുന്നു. ആസാദി മുദ്രാവാക്യത്തിലൂടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ച കനയ്യ സിപിഐ ബിഹാര്‍ ഘടകവുമായി കലഹത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button