KannurKeralaLatest News

യൂണിവേഴ്സിറ്റി സിലബസിൽ ദീന്‍ദയാലിനേയും ​മഡോകിനേയും ഒഴിവാക്കും: ഇസ്ലാമിക, ദ്രാവിഡ ആശയങ്ങള്‍ ഉള്‍പ്പെടുത്തും

അതേസമയം സവര്‍ക്കറുടെയും ഗോള്‍വള്‍ക്കറുടെയും പാഠഭാഗങ്ങള്‍ സിലബസില്‍ തുടരും.

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് പൊളിച്ചെഴുതും. കാവിവത്കരണ ആരോപണം ഉയര്‍ന്ന എംഎ ഇക്കണോമിക്‌സ് ആന്‍ഡ് ഗവേണന്‍സ് സിലബസ് സമഗ്രമല്ലെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ദീന്‍ദയാല്‍ ഉപാധ്യായെയുടെയും ബല്‍രാജ് മഡോകിന്റെയും പാഠഭാഗങ്ങള്‍ പൂര്‍ണമായും സിലബസില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശിച്ചുള്ള വിദഗ്ധ സമിതി റിപ്പോർട്ട് മാതൃഭൂമി ചാനൽ ആണ് പുറത്തു വിട്ടത്. അതേസമയം സവര്‍ക്കറുടെയും ഗോള്‍വള്‍ക്കറുടെയും പാഠഭാഗങ്ങള്‍ സിലബസില്‍ തുടരും.

എന്നാല്‍ ഇവ നേരത്തെ നിര്‍ദേശിച്ച അത്രയും കൂടുതലുണ്ടാകില്ല. രണ്ട് പേരുടെയും  പുസ്തകങ്ങള്‍ ചേര്‍ത്ത് ഹിന്ദുത്വ ആശയവുമായി ബന്ധപ്പെടുത്തി മാത്രം പഠിപ്പിക്കാനാണ് നിര്‍ദേശം. ഇസ്ലാമിക, ദ്രാവിഡ, സോഷ്യലിസ്റ്റ്, ഗാന്ധിയന്‍ ആശയങ്ങള്‍ കൂടി കൂടുതലായി സിലബസില്‍ ഉള്‍പ്പെടുത്താനും ഡോ ജെ പ്രഭാഷും കെഎസ് പവിത്രനും ഉള്‍പ്പെടുന്ന വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി.

മൗലാനാ അബ്ദുള്‍കലാം ആസാദ്, മുഹമ്മദലി ജിന്ന, പെരിയാര്‍ തുടങ്ങിയ നേതാക്കളുടെ മുസ്ലീം, ദ്രവീഡിയന്‍ ആശയങ്ങളെല്ലാം ഉള്‍പ്പെടുത്താനാണ് ആലോചന നടക്കുന്നത്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ചേരുന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button