ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് പഞ്ചാബില്‍. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവച്ചതിന് പിന്നാലെയാണ് കേജ്‌രിവാള്‍ എത്തുന്നത്. സിദ്ദു ആം ആദ് മി പാര്‍ട്ടിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ആം ആദ് മി നാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. ഇത് സിദ്ധുവാനോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേജ്‌രിവാള്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നും, വന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും എം എല്‍ എയും പാര്‍ട്ടി വക്താവുമായ രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് ആം ആദ് മി.
ഇന്നലെയാണ് സിദ്ദു രാജിവച്ചത്. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായി 72 ദിവസം മാത്രമാണ് അദ്ദേഹം കസേരയില്‍ ഇരുന്നത്. പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായുള്ള അജണ്ടയില്‍ തനിക്ക് വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും, അതിനാല്‍ താന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവക്കുകയാണെന്നും സിദ്ദു സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ പറയുന്നു.
നവ്ജ്യോത് സിംഗ് സിദ്ദുവിന് പിന്നാലെ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി രണ്ട് മന്ത്രിമാര്‍ കൂടി രാജിവച്ചിരുന്നു. ആകെ 5 രാജിയാണ് ഇത് വരെ ഉണ്ടായിട്ടുള്ളത്. അതേസമയം സർക്കാരിൽ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കം അമരീന്ദർ തുടങ്ങിയെന്നാണ് സൂചന. അദ്ദേഹം ഇപ്പോൾ ഡൽഹിയിലാണ് ഉള്ളത്.
Post Your Comments