ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ നാടകം തുടരുന്നു. രണ്ടു ദിവസം മുമ്പ് മന്ത്രിയായി ചുമതലയേറ്റ റസിയ സുല്‍ത്താന പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ച നവജ്യോത് സിങ് സിദ്ദുവിന് പിന്തുണയര്‍പ്പിച്ചാണ് തന്റെ രാജിയെന്ന് റസിയ സുല്‍ത്താന അവകാശപ്പെട്ടു. കൂടുതല്‍ മന്ത്രിമാർ രാജിവെച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. കാബിനറ്റ് മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തന്റെ തീരുമാനം നവജ്യോത് സിങ് സിദ്ദുവിനോടുള്ള ഐക്യദാര്‍ഢ്യമാണെന്ന് അവരുടെ രാജിക്കത്തില്‍ പറയുന്നു.
പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച റസിയ സുല്‍ത്താന 2002-ലാണ് ആദ്യമായി പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2007-ലും 2017ലും അവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റസിയ പഞ്ചാബ് മന്ത്രിസഭയില്‍ ജല വിതരണ ശുചിത്വ മന്ത്രിയായിരുന്നു. പഞ്ചാബിന്റെ താത്പര്യാര്‍ഥം പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും റസിയ വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് സിദ്ദു പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചത്. അമരീന്ദര്‍ സിങിന്റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്ന സിദ്ദു ഇത് ലഭിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമരീന്ദറിനെ മാറ്റിയ ഹൈക്കമാന്‍ഡ് സിദ്ദുവിന് പകരം ദളിത് സിഖ് സമുദായംഗമായ ചരണ്‍ജിത് സിങ് ചന്നിയെയാണ് മുഖ്യമന്ത്രിയാക്കിയിരുന്നത്. രാജികള്‍ തുടരുന്ന സാഹചര്യത്തില്‍ ചന്നി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.ഇതിനിടെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഡല്‍ഹിയിലേക്ക് തിരിച്ചതും അഭ്യൂഹങ്ങള്‍ പരത്തുന്നുണ്ട്. സ്ഥിരതയില്ലാത്തവനാണെന്ന് താന്‍ നിങ്ങളോട് പറഞ്ഞതാണെന്നായിരുന്നു സിദ്ദുവിന്റെ രാജി സംബന്ധിച്ചുള്ള അമരീന്ദറിന്റെ പ്രതികരണം.
Post Your Comments