![](/wp-content/uploads/2021/09/hnet.com-image-2021-09-28t160103.713.jpg)
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഫ്രഞ്ച് ലീഗ് വമ്പന്മാരായ പിഎസ്ജി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശക്തരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ഗ്രൂപ്പ് എയിലെ വമ്പൻ ടീമുകൾ ആദ്യമായി ഏറ്റുമുട്ടുന്ന മത്സരത്തിൽ പിഎസ്ജിക്കായി സൂപ്പർ താരം ലയണൽ മെസ്സി കളിച്ചേക്കും. ഇന്ന് ജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിഎസ്ജിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചായി വർധിപ്പിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്താം.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞയാഴ്ച ചെൽസിയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് സിറ്റി ഇന്ന് പാരീസിൽ ഇറങ്ങുന്നത്. പരിക്കിൽ നിന്നും മുക്തരായി തിരിച്ചെത്തുന്ന കെവിൻ ഡിബ്രുയിനും ഫിൽ ഫോഡനും സിറ്റിക്ക് വേണ്ടി ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും. പരിക്കേറ്റ സൂപ്പർ താരം ലയണൽ മെസ്സി ഇറങ്ങാതിരുന്നിട്ടും ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ മത്സരങ്ങളിൽ തുടർച്ചയായ വിജയങ്ങൾ നേടിയാണ് പിഎസ്ജി എത്തുന്നത്.
Read Also:- സൺറൈസേഴ്സ് ഹൈദരാബാദ് ജേഴ്സിയിൽ ഇനി വാർണർ ഉണ്ടാവില്ല?
അതേസമയം, ലയണൽ മെസ്സി ഇന്ന് സിറ്റിക്കെതിരെ കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാഴ്സലോണയിലെ തന്റെ മുൻ കോച്ചായ പെപ് ഗാർഡിയോളയുടെ ടീമിനെതിരെ മെസ്സി കളത്തിലിറങ്ങുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ഇന്ന് നടക്കുന്ന മറ്റു പ്രധാന മത്സരങ്ങളിൽ റയൽ മാഡ്രിഡ് ഷെരിഫ് എഫ് സിയേയും ഇന്റർ മിലാൻ അത്‌ലറ്റികോ മാഡ്രിഡിനെയും ലിവർപൂൾ പോർട്ടോയെയും നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരങ്ങൾ ആരംഭിക്കുക.
Post Your Comments