ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നല്‍കിയത്.
വ്യാഴാഴ്ചയോടെ ന്യൂനമര്‍ദം വടക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെടാനാണ് സാധ്യത. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍ കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം ഗുലാബ് ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദ്ദമായി മാറിയതിന്റെ ഭാഗമായി രണ്ടു ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ ശക്തി കുറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട മേഖലകളില്‍ മാത്രം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
Post Your Comments