
തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ചർച്ച അന്തിമഘട്ടത്തിലെത്തി നിൽക്കെ സുധീരന്‍റെ അപ്രതീക്ഷിത രാജിയിൽ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ്. വി എം സുധീരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജി വെയ്ക്കാൻ മാത്രം എന്താണ് സുധീരനെ വേദനിപ്പിച്ചതെന്ന് കണ്ടെത്തി പരിഹാരം കാണണമെന്ന് ഉമ്മൻ ചാണ്ടി നിർദേശിച്ചു. സുധീരൻ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാജിപ്രഖ്യാപനത്തിനു പിന്നാലെ പ്രതിപക്ഷ നിർത്താവ് വി ഡി സതീശൻ സുധീരന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‍ചയില്‍ ക്ഷമ ചോദിക്കാനായിരുന്നു സതീശൻ എത്തിയത്. സംസ്ഥാന നേതൃത്വം അനുനയത്തിന് തയ്യാറായിട്ടും സുധീരൻ വഴങ്ങുന്ന ലക്ഷണമില്ല. അനുനയനീക്കം തള്ളി രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് സുധീരൻ.
പുനസംഘടനാ ചർച്ചയിൽ നിന്നൊഴിവാക്കിയതിൽ മാത്രമല്ല സുധീരന്‍റെ അതൃപ്തി. ദേശീയ നേതൃത്വം വേണ്ട പരിഗണന നൽകാത്തതിലും സുധീരന് നീരസമുണ്ട്. കെ സി വേണുഗോപാൽ ഇടപെട്ട് ദേശീയ തലത്തിലെ പദവികൾ ഇല്ലാതാക്കുന്നുവെന്നാണ് സുധീരന്‍റെ പരാതി. സംസ്ഥാന നേതൃത്വത്തോട് അടുപ്പമുള്ള രാജ് മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾ സുധീരന്റെ രാജിയിൽ വലിയ പ്രതിഷേധമൊന്നും പ്രകടിപ്പിക്കുന്നില്ല. രാജികാര്യമാക്കേണ്ടെന്ന നിലപാടിലാണ് ഇവർക്കുള്ളത്. എന്നിരുന്നാലും സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം കെപിസിസി തുടരും.
Post Your Comments