തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനിടെ കനിവ് 108 ആംബുലന്‍സുകള്‍ ഓടിയത് 4 ലക്ഷം ട്രിപ്പുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബര്‍ 25നാണ് കനിവ് 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. 316 ആംബുലന്‍സുകളും 1500 ജീവനക്കാരുമാണ് സംസ്ഥാനത്ത് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. ഇതുവരെ 4,23,790 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സുകള്‍ നടത്തിയത്. രണ്ട് വര്‍ഷത്തിനിടയില്‍ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ കനിവ് 108 നടത്തിയത്. 56,115 ട്രിപ്പുകള്‍ ആണ് തലസ്ഥാനത്ത് കനിവ് 108 ആംബുലന്‍സുകള്‍ ഓടിയത്.
കോവിഡ് കഴിഞ്ഞാല്‍ ഹൃദ്‌രോഗികള്‍ക്ക് വൈദ്യ സഹായം നല്‍കാന്‍ 18,837 ട്രിപ്പുകളാണ് കനിവ് ആംബുലന്‍സ് നടത്തിയത്. വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യ സഹായം നല്‍കാന്‍ 16,513 ട്രിപ്പുകള്‍ നടത്തി. ഒപ്പം മറ്റ് അപകടങ്ങളില്‍പ്പെട്ടവര്‍ക്കായി 13,969 ട്രിപ്പുകളാണ് കനിവ് നടത്തിയത്. 3,899 ട്രിപ്പുകള്‍ ഗര്‍ഭ സംബന്ധമായ അത്യാഹിതങ്ങളില്‍പ്പെട്ടവര്‍ക്കായി 9,571 ട്രിപ്പുകള്‍ ശ്വാസകോശ സംബന്ധമായ അത്യാഹിതങ്ങളില്‍പ്പെട്ടവര്‍ക്കായി 3,653 ട്രിപ്പുകളും കനിവ് 108 ആംബുലന്‍സുകള്‍ നടത്തി. കൂടാതെ വിഷബാധ, പക്ഷാഘാതം, ജെന്നി ഉള്‍പ്പടെയുള്ള നിരവധി രോഗികള്‍ക്കും ചികിത്സയ്ക്ക് സഹായമായി.
ഇതുവരെ കോവിഡ് രോഗബാധിതരായ 3 പേരുടെ ഉള്‍പ്പടെ 36 പേരുടെ പ്രസവങ്ങള്‍ കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തില്‍ തന്നെ സംസ്ഥാനത്ത് കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കനിവ് 108 ആംബുലന്‍സുകളുടെ സേവനം സജ്ജമാക്കിയിരുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ എമര്‍ജന്‍സി മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സുകളുടെ നടത്തിപ്പ് ചുമതല. അടിയന്തിരഘട്ടങ്ങളില്‍ പൊതുജനത്തിന് 108 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ സൗജന്യ ആംബുലന്‍സ് സേവനം ലഭിക്കുന്നതാണ്. ഓരോ ആംബുലന്‍സിലും പരിചയ സമ്പന്നരായ ഡ്രൈവര്‍, നേഴ്സ് എന്നിവരാണ് ഉള്ളത്.
Post Your Comments