
തൃശൂർ: ഒന്നാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച മോറൽ സയൻസ് അധ്യാപകന് ഇരുപത്തിയൊമ്പതര വർഷം തടവും 2.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പ്രതി ബസിൽ വെച്ച് പീഡിപ്പിച്ചത്. പാവറട്ടി പുതുമനശ്ശേരിയിലുള്ള സ്കൂളിലെ മോറൽ സയൻസ് അധ്യാപകൻ നിലമ്പൂർ ചീരക്കുഴി കാരാട്ട് വീട്ടിൽ അബ്ദുൾ റഫീഖി (44)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി രണ്ടു വർഷം ഒമ്പത് മാസവും കൂടി ശിക്ഷ അനുഭവിക്കണം.
2012ൽ നടന്ന സംഭവത്തിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ബസിൽ തളർന്ന് മയങ്ങിയ കുട്ടിയെ പ്രതി പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ നിയമം പ്രാബല്യത്തിൽ വന്ന ശേഷം തൃശൂർ ജില്ലയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത പോക്സോ കേസ് ആണിത്. കേസിൽ 20 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. കേസിന്‍റെ വിചാരണ വേളയിൽ സാക്ഷികളായ അധ്യാപകർ കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കേസ് തെളിയിക്കുകയായിരുന്നു.
Post Your Comments