KeralaLatest NewsNews

ക്രിസ്ത്യൻ പുരോഹിതരെ വശത്താക്കാനും ഇസ്‌ലാമോഫോബിയ ഇളക്കിവിടാനും ബിജെപി ശ്രമിക്കുന്നു: പ്രകാശ് കാരാട്ട്

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതുപോലെ കേരളത്തിലും മയക്കുമരുന്ന് മാഫിയകളും അവരുടെ കണ്ണികളും പ്രവർത്തിക്കുന്നുണ്ട്.

തിരുവനന്തപുരം: കത്തോലിക്കാ സഭ ബിജെപിയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കണമെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. ക്രിസ്ത്യൻ പുരോഹിതരെ തന്ത്രപരമായി വശത്താക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും ക്രൈസ്തവർക്കിടയിലും തീവ്രവാദ കാഴ്ചപ്പാടുകൾ വളർന്നുവരുന്നുണ്ടെന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പ്രകാശ് കാരാട്ട് വ്യക്തമാക്കി.

ലേഖനത്തിന്റെ പൂർണ രൂപം:

കേരളത്തിൽ വർഗീയ ചേരിതിരിവ‍് അരുത്‌…

ജനസംഖ്യയുടെ 45 ശതമാനംവരുന്ന മുസ്ലിങ്ങളും ക്രൈസ്തവരും ഉൾക്കൊള്ളുന്ന സവിശേഷമായ ഒരു സാമൂഹ്യഘടനയാണ്‌ കേരളത്തിന്റേത്‌. മൂന്ന് മതസമൂഹങ്ങളും കേരളത്തിന്റെ സാമൂഹ്യഘടനയിൽ ഇഴചേർന്ന് പരസ്‌പരം യോജിച്ചുനിലനിൽക്കുന്നു എന്നതും പ്രത്യേകതയാണ്. ഈ പ്രമുഖ മതവിഭാഗങ്ങളുടെയെല്ലാം സാമൂഹ്യ, -സാംസ്കാരിക സവിശേഷതകളെ മലയാളി സ്വത്വമായി സ്വാംശീകരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ ശക്തമായ മതനിരപേക്ഷ പാരമ്പര്യം നിലനിർത്താൻ ഇടതുപക്ഷം വലിയ സംഭാവന നൽകിയിട്ടുണ്ട്.

എന്നാൽ, സമീപ വർഷങ്ങളിൽ, ഹിന്ദുത്വത്തിന്റെ മുന്നേറ്റമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബിജെപി-യും ആർഎസ്എസും, യോജിപ്പോടെയുള്ള സഹവർത്തിത്വത്തിലും ഇടപെടലുകളിലും വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കത്തോലിക്കാ സഭയുടെ ഭാഗമായ സിറോ മലബാർ സഭയുടെ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തെ കാണേണ്ടത്. കോട്ടയം ജില്ലയിലെ ഒരു പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ, മുസ്ലിം തീവ്രവാദികൾ നടത്തുന്ന ലൗജിഹാദ്, മയക്കുമരുന്ന് ജിഹാദ് എന്നിവയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പുനൽകി. കത്തോലിക്കാ സഭ നേരത്തെ ലൗജിഹാദ് വാദം ഉയർത്തിയിരുന്നെങ്കിലും, ‘നർകോട്ടിക് ജിഹാദിന്റെ’ ഭീഷണി പുതിയതാണ്. ജിഹാദികൾ അമുസ്ലിങ്ങളെ നശിപ്പിക്കാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ്‌ ബിഷപ് അഭിപ്രായപ്പെട്ടത്‌. ഈ ആരോപണം സ്വാഭാവികമായും കേരളസമൂഹത്തിൽ ആശങ്കയും സംശയവും ഉളവാക്കി.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതുപോലെ കേരളത്തിലും മയക്കുമരുന്ന് മാഫിയകളും അവരുടെ കണ്ണികളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഏതെങ്കിലും തീവ്രവാദ മതസംഘടനകൾക്കുമേൽ ഇത്‌ ചുമത്തുന്നത് തികച്ചും തെറ്റാണ്. അത്തരത്തിലൊരു ബന്ധത്തിന് തെളിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്‌. ‘‘ഒരു മതവും അത്തരം മയക്കുമരുന്നുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. അതിന്റെ നിറം സാമൂഹ്യവിരുദ്ധമാണ്, സാമൂഹ്യതിന്മകൾക്ക് മതപരമായ നിറംനൽകരുത്’’എന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ജിഹാദികളുടെ ഗൂഢാലോചന’ എന്ന വാദം രാഷ്ട്രീയവൃത്തങ്ങൾ തള്ളിക്കളഞ്ഞപ്പോൾ, ബിഷപ്പിന്റെ നിലപാടിനെ പിന്തുണയ്ക്കാൻ ബിജെപി മുന്നോട്ടുവന്നു. ജിഹാദികളുടെ പ്രവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്‌ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും ബിജെപി ഇതിനെ നല്ല അവസരമാക്കി മാറ്റി. കേരളത്തെ സംബന്ധിച്ചിടത്തോളം ഏതാനും വർഷം അസ്വസ്ഥത സൃഷ്ടിച്ച വിവാദമായിരുന്നു ലൗജിഹാദ്‌. 21 പേർ വീടും കുടുംബവും ഉപേക്ഷിച്ച്‌ ഐഎസ്‌ഐഎസ്‌ – ഖൊറാസൻ എന്ന ഭീകരസംഘടനയിൽ ചേരുന്നതിന്‌ അഫ്ഗാനിസ്ഥാനിലേക്ക് പോയതായിരുന്നു അത്‌. അവരുടെ കൂട്ടത്തിൽ ഇസ്ലാം മതം സ്വീകരിച്ച രണ്ട് ക്രിസ്ത്യൻ യുവതികളും അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രയ്ക്കായി ഭർത്താക്കന്മാരോടൊപ്പം ചേർന്നു. അവരിൽ ഒരാൾ യഥാർഥത്തിൽ ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ചശേഷം രണ്ടുപേരും മതം മാറുകയായിരുന്നു. ഇവരെ റിക്രൂട്ട് ചെയ്യുന്നതിനും തീവ്രവാദ പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരാക്കുന്നതിനും പിന്നിൽ ജിഹാദി ശൃംഖലയായിരുന്നു.

Read Also: പ്രളയ ധനസഹായം: ജീവനക്കാരൻ തട്ടിയെടുത്തത് 97600 രൂപ, വൻ ക്രമക്കേടെന്ന് കണ്ടെത്തൽ

ഈ രണ്ട് യുവതികൾ മതംമാറി തീവ്രവാദ സ്വാധീനത്തിൽപ്പെട്ടതിനെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ ആശങ്ക മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തരം തീവ്രവാദ സ്വാധീനങ്ങൾക്ക് ഇരയാകുന്നതിനെതിരെ അവരുടെ സഭയ്‌ക്ക്‌ മുന്നറിയിപ്പുനൽകുന്നത് അവരുടെ ഭാഗത്തുനിന്നും ശരിയായിരിക്കും. എന്നിരുന്നാലും, ഇവ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. മുസ്ലിം ഇതര സ്ത്രീകളെ ആകർഷിക്കുന്നതിനായി ലൗജിഹാദ് പോലെയുള്ള സംഘടിത ശ്രമങ്ങൾ നടക്കുന്നതായി സംസ്ഥാന പൊലീസിന്റെയും എൻഐഎയുടെയും അന്വേഷണത്തിൽ കണ്ടെത്തിയില്ല.

ലൗജിഹാദിനെക്കുറിച്ചുള്ള മുഴുവൻ ചർച്ചയിലെയും മറ്റൊരു വിചിത്രമായ വശം, വിവിധ മത, -ജാതി സംഘടനകളുടെ നേതാക്കൾ “ഞങ്ങളുടെ സ്ത്രീകൾ’, “ഞങ്ങളുടെ പെൺകുട്ടികൾ’ എന്നിങ്ങനെ സംസാരിക്കുന്നു. ഇത്‌ അവരുടെ ഗോത്രാധിപത്യവും സ്‌ത്രീകളുടെ ഉടമസ്ഥരാണ്‌ ഞങ്ങൾ എന്ന സമീപനവുമാണ്‌ വ്യക്തമാക്കുന്നത്‌. പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യങ്ങളിൽ സ്ത്രീകൾക്ക് അവരുടേതായ കാഴ്ചപ്പാടുകളും തെരഞ്ഞെടുപ്പുകളും ഉണ്ടായിരിക്കാം. ഇത്‌ പരോക്ഷമായി നിഷേധിക്കുകയാണ്‌ ഇതിലൂടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button