തിരുവനന്തപുരം : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് പ്രധാന കാരണം കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളത്തതാണെന്ന് പുതിയ കണ്ടുപിടുത്തവുമായി സിപിഎം മുന്‍ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്. ചൈനയെ ചൊടിപ്പിച്ചത് അതാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ‘ അമേരിക്കയുടെ സാമന്തരാജ്യമാകണോ ‘ എന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് പ്രകാശ് കാരാട്ടിന്റെ ചൈനീസ് സ്‌നേഹം വ്യക്തമാകുന്നത് .
ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യ ക്വാഡ് എന്നറിയപ്പെടുന്ന ചതുര്‍രാഷ്ട്രസഖ്യത്തില്‍ അംഗമായതെന്നും , ചൈനയുമായി ഏറ്റുമുട്ടാനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നും കാരാട്ട് ലേഖനത്തില്‍ പറയുന്നു .5ജി കയറ്റുമതിയില്‍നിന്ന് ചൈനീസ് കമ്പനിയായ ‘വാവയ്’യെ തടസ്സപ്പെടുത്തുക എന്ന അമേരിക്കന്‍ അജന്‍ഡയാണ് വ്യക്തമാകുന്നത്. ഏഷ്യ– പസഫിക് മേഖലയില്‍ സുരക്ഷാസഖ്യത്തില്‍ ഇന്ത്യയെ സമ്പൂര്‍ണ പങ്കാളിയാക്കുക എന്ന ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യമാണ് സാക്ഷാല്‍ക്കരിക്കുന്നത്. യുഎസ്– പസഫിക് കമാന്‍ഡിന്റെ പേര് യുഎസ് ഇന്തോ–പസഫിക് കമാന്‍ഡ് എന്നാക്കി മാറ്റുന്ന ചടങ്ങിലേക്ക് ഇന്ത്യ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ അയച്ചിരുന്നു.
ഇത് അമേരിക്കയും ,ഇന്ത്യയും തമ്മിലുള്ള സൗഹൃദമാണ് സൂചിപ്പിക്കുന്നത് .2016ല്‍ അമേരിക്കയുമായി ഇന്ത്യ ഒപ്പുവച്ച ലോജിസ്റ്റിക്‌സ് കരാര്‍ സൈനികസഖ്യത്തിന്റെ തുടക്കമായിരുന്നു. ലോജിസ്റ്റിക്‌സ് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (എല്‍ഇഎംഒഎ) എന്ന പേരിലുള്ള ഈ കരാര്‍ ഇരുരാജ്യങ്ങളിലെയും സേനകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ പരസ്പരം ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നു. ജൂണില്‍ ഓസ്ട്രേലിയയുമായി ലോജിസ്റ്റിക്‌സ് സപ്പോര്‍ട്ട് കരാറില്‍ ഒപ്പിട്ടു. സെപ്തംബര്‍ ഒമ്പതിന് ഇന്ത്യയും ജപ്പാനും പരസ്പര സൈനിക സഹകരണത്തിനും വിതരണശൃംഖലയ്ക്കും സേവനത്തിനുമുള്ള കരാറില്‍ ഒപ്പുവച്ചു.ഇതൊക്കെ ചൈനയ്‌ക്കെതിരെയുള്ള നീക്കമാണ്.
2020 ഫെബ്രുവരിയില്‍ ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവേളയില്‍ സംയുക്ത പ്രസ്താവനയിലും ചതുര്‍രാഷ്ട്രസഖ്യം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തതായി എടുത്തുപറഞ്ഞിരുന്നു. ക്വാഡിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത് ചൈനയ്‌ക്കെതിരായ നീക്കങ്ങളാണ് .
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ചൈനയ്ക്കെതിരെ അമേരിക്ക– ഇന്ത്യ കൂട്ടുകെട്ട് തന്ത്രപരമായ നിലയിലേക്ക് നീങ്ങിയതുമാണ് കഴിഞ്ഞ ആറുമാസത്തിനിടയില്‍ അതിര്‍ത്തിയില്‍ സ്ഥിതി മോശമാക്കിയത്. ചൈനയുമായി നേരിട്ടുള്ള ചര്‍ച്ചകളിലൂടെ അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുകയാണ് വേണ്ടത്. ഇതാണ് ഇന്ത്യയ്ക്ക് നല്ലത്. അമേരിക്കയുമായോ അതിന്റെ നിയന്ത്രണത്തിലുള്ള സംഖ്യങ്ങളുമായി ചേര്‍ന്നോ ചൈനാ വിരുദ്ധ ഗ്രൂപ്പിന്റെ ഭാഗമായതുകൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ല. അമേരിക്കയുടെ സാമന്തരാജ്യമായി നില്‍ക്കുകയല്ല വേണ്ടതെന്നും കാരാട്ട് ലേഖനത്തില്‍ പറയുന്നു.
Post Your Comments