
കൊച്ചി : സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിന് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര് വേണു ബാലകൃഷ്ണനെ പിരിച്ചുവിട്ട സംഭവം സ്ഥിരീകരിച്ചു മാതൃഭൂമി. മാധ്യമപ്രവർത്തകയ്ക്ക് നിരന്തരം വേണു അശ്ലീല സന്ദേശങ്ങള് അയച്ചുവെന്നാണ് പരാതി. സംഭവത്തില് മാനേജ്മെന്റ് അന്വേഷണവിധേയമായി വേണുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.
സ്വഭാവദൂഷ്യത്തിനാണ് വേണുവിനെതിരെ നടപടി എടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര് എം വി ശ്രേയാംസ്കുമാർ ‘ദി ന്യൂസ് മിനിറ്റി’നെ അറിയിച്ചു. മാധ്യമപ്രവർത്തക ഔദ്യോഗികമായി പരാതി നല്കിയിട്ടില്ലെന്നും, മാനേജ്മെന്റ് സ്വമേധയാ നടപടി എടുക്കുകയായിരുന്നുവെന്നും ശ്രേയാംസ്കുമാർ അറിയിച്ചു.
മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതല് പ്രൈം ടൈം അവതാരകനായിരുന്നു വേണു. ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോർട്ടർ ടി വി തുടങ്ങിയ ചാനലുകളിലും പ്രവർത്തിച്ചുണ്ട്. വേണു ബാലകൃഷ്ണന്റെ സഹോദരനും ന്യൂസ് ഹെഡുമായിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ നേരത്തെ മാതൃഭൂമി ന്യൂസില്‍ നിന്ന് രാജിവച്ചിരുന്നു. ഇപ്പോള്‍ രാജീവ് ദേവരാജാണ് ന്യൂസിന്റെ തലപ്പത്ത്.
Post Your Comments