തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയില്‍ തിരക്ക് ശക്തമായതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അവധി ദിവസങ്ങളിലെ സന്ദര്‍ശകരുടെ എണ്ണം കൂടുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഒക്ടോബര്‍ മുതല്‍ പൊന്മുടി സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും.
കൊവിഡിന്റെ വരവോടെ അടച്ചിട്ട പൊന്മുടി വീണ്ടും തുറന്നതോടെ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ വാഹന അപകടങ്ങളുടെ എണ്ണം വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. അവധിദിവസങ്ങളിലെ അനിയന്ത്രിത തിരക്ക് കണക്കിലെടുത്താണ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. അവധി ദിവസങ്ങളില്‍ 200 ഫോര്‍ വീലര്‍, 250 ടൂ വീലര്‍ എന്നിങ്ങനെയാകും ഇനിമുതല്‍ പൊന്മുടിയില്‍ പ്രവേശിപ്പിക്കുക. ഒപ്പം ഒരു വാഹനത്തില്‍ വരുന്നവര്‍ക്ക് അപ്പര്‍ സാനിറ്റേറിയത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമേ തങ്ങാന്‍ അനുവദിക്കുകയുള്ളൂ.
ആനപ്പാറ, കല്ലാര്‍ ചെക്‌പോസ്റ്റുകളില്‍ സന്ദര്‍ശകരേയും വാഹനങ്ങളേയും സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാക്കും. കല്ലാര്‍ ചെക്‌പോസ്റ്റില്‍ ‘ബ്രേക്ക് ദി ചെയ്ന്‍’ മാനദണ്ഡങ്ങള്‍ അനുസരിച്ച് സാനിറ്ററൈസേഷന്‍ നടത്തിയശേഷമാണ് അപ്പര്‍ സാനിട്ടോറിയത്തിലേക്ക് സഞ്ചാരികളെ കടത്തിവിടുകയുള്ളൂ. ചെക്‌പോസ്റ്റില്‍ സന്ദര്‍ശകര്‍ തന്നെ കൊണ്ടുവരുന്ന സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ ഉപയോഗിച്ച ശേഷം കടത്തിവിടും. മദ്യം, പ്ലാസ്റ്റിക് എന്നിവ പൂര്‍ണമായും ഒഴിവാക്കണം.
Post Your Comments