തിരുവനന്തപുരം: നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യോഗം വിളിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനങ്ങാപാറ നയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍വ്വകക്ഷി യോഗം വിളിക്കാത്തതില്‍ സര്‍ക്കാരിനും സിപിഐഎമ്മിനും കള്ളക്കളിയുണ്ട്. വിഷയത്തില്‍ മന്ത്രി വിഎന്‍ വാസവനും മുഖ്യമന്ത്രിക്കും വ്യത്യസ്ത നിലപാടാണുളളത്. അത് മാറ്റിവെച്ച് കേരളത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
‘അടിയന്തിരമായി സര്‍വ്വകക്ഷികളുടെ യോഗം വിളിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഒറ്റ ദിവസം കൊണ്ട് സര്‍ക്കാരിന് തീര്‍ക്കാന്‍ സാധിക്കും. എന്നാല്‍ സര്‍ക്കാര്‍ എന്തുകൊണ്ട് ഇത് ചെയ്യുന്നില്ല. മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനുളള പരാമര്‍ശം ആരു നടത്തിയാലും യുഡിഎഫ് അംഗീകരിക്കില്ല. മുഖം നോക്കാതെ അത് ചോദ്യം ചെയ്യും. കോണ്‍ഗ്രസിന്റെ മതേതരത്വ നിലപാട് വെളളം ചേര്‍ക്കാത്ത നിലപാടാണ്. എല്ലാവരുമായും ചര്‍ച്ച ചെയ്യാനുളള ഒരു അന്തരീക്ഷമാണ് ഞങ്ങള്‍ ഉണ്ടാക്കുന്നത്. സര്‍ക്കാരിന് വേണമെങ്കില്‍ അത് പ്രയോജനപ്പെടുത്താം. ഞങ്ങള്‍ ഉണ്ടാക്കിയ അന്തരീക്ഷം സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പരിഹാരത്തിന്റെയും അന്തരീക്ഷമാണ്’-വിഡി സതീശന്‍ പറഞ്ഞു.
സമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ ഐഡി ഉപയോഗിച്ചുകൊണ്ടുളള വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിക്കുന്നതിനുളള നടപടിയെടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സര്‍വ്വകക്ഷി യോഗം വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണാനും സര്‍ക്കാര്‍ ശ്രമിക്കണം. മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യങ്ങള്‍ സംഘര്‍ഷമുണ്ടാക്കാതെ വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യേണ്ടതാണെന്നും വിഡി സതീശന്‍ പറഞ്ഞു.
Post Your Comments