ന്യൂഡല്‍ഹി: കേരളത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ സുപ്രിം കോടതിക്ക് ആശങ്ക. കേരളത്തില്‍ ഇപ്പോള്‍ സ്‌കൂള്‍ തുറക്കാന്‍ പറ്റിയ സാഹചര്യമാണോ എന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് സംശയം പ്രകടിപ്പിച്ചത്. ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതി കേരളത്തിലെ സാഹചര്യം സംബന്ധിച്ച് ചോദ്യങ്ങളുന്നയിച്ചത്. കേരളത്തിലും മഹാരാഷ്ട്രയിലും സ്‌കൂള്‍ തുറക്കണമെന്ന് എങ്ങനെ പറയാനാകുമെന്നാണ് കോടതി ചോദിച്ചത്. ഇരു സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലാണ് കോടതി ഇക്കാര്യത്തില്‍ ഇടപെടുന്നത്.
അതേസമയം, സ്‌കൂളുകള്‍ തുറക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സ്‌കൂളുകള്‍ തുറക്കുന്നത് സങ്കീര്‍ണമായ വിഷയമാണെന്നും, സര്‍ക്കാരുകള്‍ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണെന്നുമായിരുന്നു സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം. ഭരണനിര്‍വഹണം സുപ്രീംകോടതിക്ക് ഏറ്റെടുക്കാനാകില്ലെന്നും തീരുമാനങ്ങള്‍ എടുക്കേണ്ടത് സര്‍ക്കാരുകളാണെന്നും കോടതി വ്യക്തമാക്കി.
Post Your Comments