പത്തനംതിട്ട: സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ ക്രമക്കേടിന്റെ പേരില്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. 65-ാം നമ്പര്‍ വകുപ്പു തല എന്‍ക്വയറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് പ്രസിഡന്റ് പിഎ നിവാസ് ആണ് സെക്രട്ടറി കെയു ജോസിനെ സസ്പെന്‍ഡ് ചെയ്തത്. അതേ സമയം, ക്രമക്കേട് നടന്ന കാലയളവില്‍ താന്‍ ബാങ്ക് സെക്രട്ടറി ആയിരുന്നില്ലെന്നും ഒരു പാട് പേര്‍ ചേര്‍ന്ന് നടത്തിയ തട്ടിപ്പിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടി വയ്ക്കുകയാണെന്നും സെക്രട്ടറി പറയുന്നു.
2013 മുതല്‍ 18 വരെയുള്ള കാലയളവില്‍ ബാങ്കില്‍ 1.63 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ സിപിഎം ഏരിയാ കമ്മറ്റിയംഗവും സീതത്തോട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവുമായ പി.ആര്‍ പ്രമോദിന്റെ പിതാവ് പി.എന്‍. രവീന്ദ്രന്‍ ആയിരുന്നു അന്ന് ബാങ്ക് പ്രസിഡന്റ്. സെക്രട്ടറി സുഭാഷ് എന്നയാളായിരുന്നു. കെയു ജനീഷ് കുമാര്‍ എംഎല്‍എ ഈ കാലയളവില്‍ ബാങ്കില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുകയുമായിരുന്നു. 2019 ജൂണില്‍ സെക്രട്ടറി സുഭാഷ് വിരമിച്ച ഒഴിവിലാണ് കെയു ജോസ് സെക്രട്ടറിയായത്.
തന്റെ ഭരണ കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇതു വരെ പുറത്തു വന്നിട്ടില്ലെന്നും ക്രമക്കേട് ഒന്നും ഉണ്ടായിട്ടില്ലെന്നും ജോസ് പറയുന്നു. വകുപ്പു തല അന്വേഷണത്തില്‍ തന്റെ ഭാഗം വിശദീകരിക്കും. പൊലീസ് കേസെടുത്തതായി അറിവില്ലെന്നും ജോസ് പറയുന്നു. ജോസ് അസിസ്റ്റന്റ് സെക്രട്ടറി, ബ്രാഞ്ച് മാനേജര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ മുന്‍ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. ആറു കോടിയോളം രൂപയുടെ ക്രമക്കേടാണ് ബാങ്കില്‍ നടന്നിരിക്കുന്നത്. ഇതിനെതിരേ സമരത്തിന് ഇറങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ സിപിഎമ്മിന്റെ ചില നേതാക്കളുടെ താല്‍പര്യത്തിന് വഴങ്ങി പിന്മാറി.
ആകെ 20 കോടിക്ക് അടുത്തു നിക്ഷേപമുള്ള ബാങ്കാണ് ഇത്രയും വലിയ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് പൊതുയോഗം ചേര്‍ന്ന് അംഗീകരിക്കാതെ ബാങ്ക് ഭരണ സമിതിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കാതെയാണ് ഇപ്പോഴത്തെ ഭരണ സമിതി രണ്ടു വര്‍ഷമായി തുടരുന്നത്. കോടികളുടെ വെട്ടിപ്പും ക്രമവിരുദ്ധ നിയമനങ്ങളും നടന്ന ഇവിടേക്ക് സഹകരണ വകുപ്പില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തിന് ചെല്ലാന്‍ പാടില്ലെന്നാണ് അലിഖിത നിയമം. ഈ നിയമം മറികടന്ന് ചെന്നാല്‍ സ്ഥലം മാറ്റം ഉറപ്പ്. പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥരെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്താനും ജീവനക്കാര്‍ക്ക് മടിയില്ല.
ജനീഷ് കുമാര്‍ എംഎല്‍എയുടെ ഭാര്യ അനുമോള്‍, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ എന്നിവരെ ചട്ടം മറികടന്ന് നിയമിച്ചുവെന്നതാണ് പ്രധാന ആക്ഷേപം. നിയമനം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനുമോള്‍ രാജി വച്ചിരുന്നു. പാര്‍ട്ടിയുടെ ഭരണ നിയന്ത്രണമുള്ള ഈ ബാങ്കില്‍ അഴിമതിയും ക്രമക്കേടും നടത്തിയിട്ട് ഇതുമൂലമുണ്ടാകുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ചെല്ലുന്ന ഉദ്യോഗസ്ഥരെ പാര്‍ട്ടി വിരുദ്ധരായി ചിത്രീകരിച്ച് സ്ഥലം മാറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് എന്‍ജിഓ യൂണിയന്‍ റാന്നി ഏരിയാ പ്രസിഡന്റ് സിപിഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു.
പരിശോധനയ്ക്ക് ചെല്ലുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ രേഖകള്‍, യഥാസമയം കൈമാറാന്‍ ഇവര്‍ തയാറാകില്ല. ഓഡിറ്റുമായി ബന്ധപ്പെട്ട അഞ്ച് ഓഡിറ്റര്‍മാരെ ഇതിനോടകം സ്ഥലം മാറ്റി കഴിഞ്ഞു. കൂടാതെ എന്‍.ജി.ഓ യൂണിയന്‍ നിയമിച്ചിട്ടുള്ള ഇന്‍സ്പെക്ടര്‍മാരെ മാറ്റി പുതിയ ആള്‍ക്കാരെ വച്ചു. ഇപ്പോള്‍ അഞ്ചാമത്തെ ഇന്‍സ്പെക്ടര്‍ ആണ് സീതത്തോട് ബാങ്ക് ഉള്‍പ്പെട്ട വടശേരിക്കര യൂണിറ്റില്‍ ജോലി ചെയ്യുന്നത്.
Post Your Comments