
കൽപ്പറ്റ: ഓണം ബമ്പര്‍ ഒന്നാം സമ്മാനവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ ആയ വയനാട് സ്വദേശി സെയ്തലവിയുടെ കുടുംബത്തിന് ഡിവൈഎഫ്‌ഐ ഒരു കോടി രൂപ സമാഹരിച്ച് നല്‍കുമെന്നത് വ്യാജ പ്രചാരണം ആണെന്ന് ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് വ്യക്തമാക്കുന്നു. റഫീഖിന്റെ പേരിലായിരുന്നു പ്രചാരണം നടന്നത്.
‘സുഹൃത്തിനാല്‍ ചതിക്കപ്പെട്ട സഖാവ് സെയ്തലവിയുടെ കുടുംബത്തെ യുവജനങ്ങള്‍ ഏറ്റെടുക്കും. കുടുംബത്തിന് ഒരു കോടി രൂപ സമാഹരിച്ച് നല്‍കാന്‍ കേരള ഡിവൈഎഫ്‌ഐ തീരുമാനിച്ചു’ എന്നായിരുന്നു പ്രചാരണം. എന്നാൽ തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ പോസ്റ്റർ ആണെന്നും ഇത്തരത്തിലൊരു പോസ്റ്റ് താൻ ഇട്ടിട്ടില്ലെന്നും റഫീഖ് വ്യക്തമാക്കി. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് റഫീഖ് പറയുന്നത്.
ഇന്നലെയാണ് ഓണം ബമ്പര്‍ ഒന്നാം സമ്മാനത്തെച്ചൊല്ലി ചര്‍ച്ചകളും തെറ്റിദ്ധാരണങ്ങളും നടന്നത്. ഭാഗ്യശാലിക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് പ്രവാസിയായ വയനാട് സ്വദേശി സെയ്തലവി തനിക്കാണ് ഒന്നാം സമ്മാനം അടിച്ചതെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. പാലക്കാട് കച്ചവടം നടത്തുന്ന കോഴിക്കോട് സ്വദേശിയായ സുഹൃത്തുവഴിയാണ് ടിക്കറ്റ് എടുത്തത് എന്നായിരുന്നു സെയ്തലവി പറഞ്ഞത്. എന്നാൽ, മരട് സ്വദേശിയായ ഓട്ടോഡ്രൈവര്‍ പി ആര്‍ ജയപാലന്‍ ടിക്കറ്റ് സഹിതം കാനറ ബാങ്കിലെത്തിയതോടെയാണ് സംഭവത്തിന്റെ സത്യം പുറത്തുവന്നത്.
Post Your Comments