Latest NewsKeralaIndiaNews

ഓണം ബമ്പർ: അഹമ്മദിന് ടിക്കറ്റിന്റെ ഫോട്ടോ അയച്ചുകൊടുത്തത് ആര്? സെയ്തലവി മുതൽ ജയപാലന്റെ സസ്പെൻസ് എൻട്രി വരെ

ഇത്തവണത്തെ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറി പ്രഖ്യാപനം ഏറെ ട്വിസ്റ്റുകളോട് കൂടിയതായിരുന്നു. ഞായറാഴ്ച ആയിരുന്നു ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുത്തത്. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിൽ നിന്നും വിറ്റുപോയ Te 645465 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. 12 കോടിയുടെ ഉടമ ആരായിരിക്കുമെന്ന ആകാംഷകൾക്കൊടുവിലാണ് ‘ടിക്കറ്റ് അടിച്ചത് തനിക്കാണെന്ന്’ അവകാശവാദവുമായി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് സ്വദേശി സെയ്‍തലവി രംഗപ്രവേശനം ചെയ്തത്.

കോഴിക്കോട്ട് നിന്ന് സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് സമ്മാനമെന്നാണ് സെയ്‍തലവി പറഞ്ഞത്. സുഹൃത്ത് ടിക്കറ്റ് ഉടന്‍ വയനാട്ടിലെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുമെന്നും സെയ്‍തലവി പറഞ്ഞിരുന്നു. ഇതോടെ, ആളുകളുടെ ഒഴുക്കായിരുന്നു. വാട്ട്സ്ആപ്പ് വഴി ടിക്കറ്റ് വാങ്ങുകയായിരുന്നുവെന്നും പണം സുഹൃത്തിനയച്ച് കൊടുത്തുവെന്നുമായിരുന്നു യുവാവ് പറഞ്ഞത്.

Also Read:അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു

എന്നാൽ, ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നുതന്നെയാണെന്നും ഏജന്‍സി ജീവനക്കാർ ആവർത്തിച്ചതോടെ സംഭവത്തിൽ സംശയം ഉണ്ടായി. ഇതിനിടെയാണ് എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് സെയ്തലവിയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ വന്നത്. ഓണം ബമ്പറടിച്ച ടിക്കറ്റ് കയ്യിലില്ലെന്നും അതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് അഹമ്മദ് പ്രതികരിച്ചത്.

‘ടിക്കറ്റിന്റെ സ്ക്രീൻ ഷോട്ട് ഇന്നലെ 4.10ന് ഒരാളെനിക്ക് ഫേസ്ബുക്കിൽ ഇട്ടുതന്നു. ഈ ടിക്കറ്റ് ഞാൻ സെയ്തലവിക്ക് 4.53ന് അയച്ച് കൊടുത്തു. ഒരു സുഹൃത്തിന് സെയ്തലവി കുറച്ച് കാശ് കൊടുക്കാനുണ്ടെന്ന് പറഞ്ഞു. തനിക്കാണ് സമ്മാനമടിച്ചതെന്ന് ഇയാളോട് പറയുമെന്നും സെയ്തലവി എന്നോട് പറഞ്ഞു. പറഞ്ഞോളൂ എന്ന് ഞാനും പറഞ്ഞു. അല്ലാതെ വേറെ ഒന്നുമില്ല’, എന്നായിരുന്നു അഹമ്മദ് വെളിപ്പെടുത്തിയത്. ഇതോടെ സെയ്തലവി പറഞ്ഞത് കള്ളമാണെന്ന് വിമർശനമുയർന്നു.

Also Read:വർഗീയ വൈറസുകൾ രാജ്യത്താകെ ഉണ്ട്: ഒരുതരത്തിലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുകേൾക്കുന്നതെന്ന് എം ബി രാജേഷ്

വാദപ്രതിവാദങ്ങളും ചർച്ചകളും കൊഴുക്കുന്നതിനിടയിൽ യഥാർത്ഥ ഭാഗ്യവാൻ ഇതൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകുമെന്ന് പലരും പറഞ്ഞു. വിവാദം കൊഴുക്കുന്നതിനിടെ തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ രംഗപ്രവേശനം ചെയ്തു. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറിയതിന് ശേഷമാണ് സസ്പെൻസ് നീക്കി ജയപാലൻ രംഗത്തെത്തിയത്.

സെയ്തലവി അവകാശവാദമുന്നയിച്ച് വന്നുവല്ലോ എന്ന ചോദ്യത്തിന് ‘ഞങ്ങൾക്ക് സന്തോഷം. ഞങ്ങളുടെ പുറകെ ആരും വരില്ലല്ലോ. സാവദാനം ബാങ്കിൽ പോയി ടിക്കറ്റ് കൈമാറി എല്ലാം ചെയ്തു വന്നു. ഇല്ലെങ്കിൽ എല്ലാവരും ഞങ്ങളുടെ പുറകെ ആയിരിക്കുമായിരുന്നു. അതോണ്ട് അങ്ങനെ പോകട്ടെ എന്ന് വിചാരിച്ചു. അതാണ് എല്ലാം കഴിഞ്ഞ് ഞങ്ങൾ പറഞ്ഞത്. ടിക്കറ്റ് കൈമാറുന്നത് വരെ ആരോടും പറഞ്ഞില്ല. എല്ലാം രഹസ്യമായി വച്ചു’, എന്നായിരുന്നു ജയപാലന്റെ മകന്റെ മറുപടി.

എന്തായാലും വിഷയത്തിൽ നിയമനടപടി ഉണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. അഹമ്മദിന് ഫേസ്ബുക്ക് വഴി ടിക്കറ്റിന്റെ ഫോട്ടോ അയച്ച് കൊടുത്തത് ആരാണെന്നുള്ള ചോദ്യം അവശേഷിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button