തൃശൂർ : വിയ്യൂർ ജയിലിനുള്ളിൽ തനിക്കു വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ വാദം കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള സമ്മർദ തന്ത്രമെന്നു സൂചന. എന്നാൽ, വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയതോടെ ഇതും പൊളിഞ്ഞു. വിയ്യൂർ സെൻട്രൽ ജയിലിൽ ലഭിച്ചിരുന്ന ‘സൗകര്യ’ങ്ങളൊന്നും അതിസുരക്ഷാ ജയിലിൽ ലഭിക്കില്ലെന്നതിനാൽ സുനി കൂടുതൽ അസ്വസ്ഥനാണെന്നു വിവരമുണ്ട്.
വിയ്യൂരിൽ സുനിയുടെ കയ്യിൽ നിന്നു മൊബൈൽ ഫോൺ പിടികൂടുകയും കോവിഡ് കാലത്ത് ഒട്ടുമിക്ക തടവുകാർക്കും ലഭിച്ച പ്രത്യേക പരോളിൽ നിന്നു തഴയപ്പെടുകയും ചെയ്തതോടെയാണു കണ്ണൂരിലേക്കു മാറാൻ സുനി ശ്രമം തുടങ്ങിയതെന്നു ജയിൽ വകുപ്പിനു സൂചന ലഭിച്ചിട്ടുണ്ട്. തന്നെ വധിക്കാൻ കൊടുവള്ളി സ്വർണക്കടത്തു സംഘത്തിന്റെ ക്വട്ടേഷൻ ഏറ്റെടുത്തതായി സുനി ആരോപിക്കുന്ന തടവുകാരെല്ലാം ഇക്കാര്യം നിഷേധിക്കുകയും സുനിയുടെ അടവാണെന്നു മൊഴി നൽകുകയും ചെയ്തതായാണു വിവരം.
മൊബൈൽ ഫോണുമായി പിടിക്കപ്പെട്ടതോടെയാണു വിയ്യൂരിൽ കൊടി സുനിക്കു മേൽ ശക്തമായ നിയന്ത്രണങ്ങളുണ്ടായത്. ടിപി വധക്കേസിലെ മറ്റു പ്രതികൾക്കെല്ലാം കോവിഡ് കാലത്തു പ്രത്യേക പരോൾ ലഭിച്ചപ്പോൾ സുനി മാത്രം ജയിലിൽ കഴിയേണ്ടി വന്നു. അനുയായികളായ തടവുകാരെയെല്ലാം പൂജപ്പുരയിലേക്കും കണ്ണൂരിലേക്കും മാറ്റുകയും ചെയ്തതോടെ സുനി വിയ്യൂരിൽ ഒറ്റയ്ക്കായി.
ഉറ്റതോഴനായിരുന്ന ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദുമായി ഇടയുകയും ചെയ്തതോടെയാണു സുനി ഭീതിയിലായത്. ഇതോടെ രാഷ്ട്രീയ തടവുകാരുടെ താവളമായ കണ്ണൂർ സെൻട്രൽ ജയിലിലെത്താൻ ശ്രമവും തുടങ്ങി. ഇതിനു വേണ്ടിയാണ് ക്വട്ടേഷൻ വധഭീഷണിയുണ്ടെന്ന ആരോപണം ഉയർത്തിയതെന്നാണു ജയിൽ വകുപ്പിന്റെ അനുമാനം.
Post Your Comments