അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 21,000 കോടി രൂപയുടെ മയക്കുമരുന്നുമായെത്തിയ രണ്ട് കണ്ടെയ്നറുകൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്തു. ഉയർന്ന നിലവാരമുള്ള ഹെറോയിൻ ആണ് പിടിച്ചെടുത്തതെന്നും കേന്ദ്ര ലബോറട്ടറിയിൽ പരിശോധിച്ചുവെന്നും അന്വേഷണസംഘം അറിയിച്ചു.
Also Read: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങൾ: അടിയന്തരമായി ഇടപെടണമെന്ന് ഡിജിപി
ഇന്ത്യയിൽ വിതരണം ചെയ്യാനായി എത്തിച്ചതെന്നാണ് സൂചന. അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഹെറോയിന്‍ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുനിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് അയച്ചത്. ഐഎസിനും താലിബാനും ഭീകരപ്രവർത്തനങ്ങൾക്കു വേണ്ടി പണം കണ്ടെത്താനുള്ള മാർഗമായാണ് ലഹരി എത്തിച്ചതെന്നാണ് സംശയം.
ചെന്നൈ സ്വദേശികളായ മച്ചാവരം സുധാകറും ഭാര്യ ഗോവിന്ദരാജു ദുർഗപൂർണ വൈശാലിയും, മുഖത്തിടുന്ന പൗഡർ എന്നവകാശപ്പെട്ടാണ് കണ്ടെയ്നറുകൾ മുന്ദ്ര തുറമുഖത്ത് എത്തിച്ചത്. ഇവരുടെ വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിങ് കമ്പനിയാണ് കാര്യങ്ങൾ നീക്കിയത്. ആദ്യ കണ്ടെയ്നറിൽനിന്ന് 1999.579 കിലോഗ്രാമും രണ്ടാമത്തെ കണ്ടെയ്നറിൽ നിന്ന് 988.64 കിലോഗ്രാമുമാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ രണ്ടു അഫ്ഗാൻ പൗരന്മാരെ ചോദ്യം ചെയ്യും.
ഇവർക്ക് പരോക്ഷമായി ഐഎസുമായി ബന്ധമുണ്ടെന്നാണ് വിവരം. ഹെറോയിന്റെ മൂല്യം 3500 കോടി രൂപയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ 6 ദിവസത്തെ അന്വേഷണത്തിന് ശേഷം പിടികൂടിയത് 21,000 കോടിയിലധികം രൂപ വിലവരുന്ന ഹെറോയിനാണെന്ന് വ്യക്തമായി. അറസ്റ്റ് ചെയ്ത ദമ്പതികളെ ഭുജ് കോടതിയിൽ ഹാജരാക്കി 10 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments