വന്യമൃഗങ്ങളുടെ നിരവധി ഇരതേടൽ വീഡിയോയാണ് സോഷ്യൽ മീഡിയ വൈറലായിരിക്കുന്നത്. ഇപ്പോഴിതാ ഒരു കൂട്ടം കാട്ടുനായ്ക്കൾ ചേർന്ന് ഒരു കാട്ടെരുമയെ വേട്ടയാടുന്ന ദൃശ്യമാണ് വൈറലായിരിക്കുന്നത്.
തെക്കൻ സാംബിയയിലെ ലോവർ സാംബസി ദേശീയ പാർക്കിൽ നിന്നും പകർത്തിയതാണ് ഈ ദൃശ്യം. 37 കാരനും ഓൾഡ് മണ്ടോരോ ബുഷ് ക്യാംപിലെ ഗൈഡുമായ മാർക്ക് നിക്കോൾസൺ ആണ് ഈ ദൃശ്യം പകർത്തിയത്. വിനോദ സഞ്ചാരിയായ കെവിൻ ഡേഴ്സ്‌ലെയുമൊത്ത് സഫാരിക്കിറങ്ങിറങ്ങിയപ്പോഴാണ് അപൂർവ സംഭവത്തിന് സാക്ഷ്യം വഹിച്ചത്.
പുൽമേട്ടിൽ നിന്ന് കാട്ടുപോത്തിൻ കൂട്ടത്തെ തുരത്തിയ കാട്ടുനായ്ക്കൾ കൂട്ടത്തിലൊരു കാട്ടെരുമയെ ഒറ്റപ്പെടുത്തിയ ശേഷം സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. എരുമയുടെ ചുറ്റും നിന്ന് ആക്രമിച്ച കാട്ടുനായ്ക്കൾ അതിനെ രക്ഷിക്കാനെത്തിയ മറ്റ് രണ്ട് സഹജീവികളെയും അവിടെനിന്നും തുരത്തി.
പതിനഞ്ചോളം കാട്ടുനായ്ക്കൾ ചേർന്നാണ് എരുമയെ ചുറ്റും നിന്ന് കടിച്ചുവലിച്ച് കീഴ്പ്പെടുത്തിയത്. കാലുകൊണ്ട് ചവിട്ടിത്തെറിപ്പിക്കാൻ തല കുലുക്കി രക്ഷപ്പെടാനുമൊക്കെ എരുമ ശ്രമിച്ചെങ്കിലും ഇവയുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. 20 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തിനു ശേഷം കാട്ടു നായ്ക്കൾ കാട്ടെരുമയെ ഭക്ഷണമാക്കി. 16 വർഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇങ്ങനെയൊരു വേട്ട നേരിൽ കാണുന്നതെന്ന് മാർക്ക് നിക്കോൾസൺ വിശദീകരിച്ചു.
Post Your Comments