Latest NewsKeralaNews

അടിമുടിമാറ്റം: സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ പുതിയ വഴികള്‍ തേടി ആര്‍.എസ്.എസ്

കൊല്ലം: കേരളത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും ഒരു പരിധിക്കപ്പുറം സ്വാധീനം ചെലുത്താനായിട്ടില്ല എന്നതാണ് വാസ്തവം. ഇതിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ സംഘടന. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സമഗ്ര സാമൂഹിക സര്‍വേ നടത്താന്‍ ഒരുങ്ങുകയാണ് ആര്‍.എസ്.എസ്. സംഘടനയ്ക്ക് കൂടുതല്‍ ശാഖകളും പ്രവര്‍ത്തകരുമുണ്ടെങ്കിലും സമൂഹത്തില്‍ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സേവന-പ്രചാരണ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സമ്പര്‍ക്കം എന്നിവയില്‍ സംഘടനയ്ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായിട്ടില്ലെന്നാണ് കണ്ടെത്തല്‍. നേതൃത്വം പറയുന്ന കാര്യങ്ങള്‍ മാത്രമാണ് സംസ്ഥാനം ചെയ്തു പോകുന്നത്. ഈ പ്രവര്‍ത്തന രീതി മാറ്റി എടുത്താല്‍ കേരളത്തില്‍ ചലനമുണ്ടാക്കാനാകുമെന്നാണ് ദേശീയനേതൃത്വത്തിന്റെ വിലയിരുത്തല്‍.

സര്‍വേയില്‍ പട്ടികജാതി കോളനികള്‍, വായനശാലകള്‍, സഹകരണ സ്ഥാപനങ്ങള്‍, സേവാകേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങി സാമൂഹികരംഗത്തെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനാണ് നിര്‍ദ്ദേശം. ഫ്‌ളാറ്റുകള്‍, ഹൗസിംഗ് കോളനികള്‍ എന്നിവയും കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തും. ഓരോ പ്രദേശത്തും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന തൊഴില്‍ ഏതാണെന്ന് കണ്ടെത്താനും നിര്‍ദ്ദേശമുണ്ട്. ആദ്യഘട്ടത്തില്‍ പ്രധാന ക്ഷേത്രങ്ങളുടെയും പിന്നാലെ എല്ലാ ക്ഷേത്രങ്ങളുടെയും കണക്കെടുക്കണം. ആശ്രമങ്ങള്‍, ധര്‍മസ്ഥാപനങ്ങള്‍, അവയില്‍ സംഘടനയ്ക്കുള്ള സ്വാധീനം തുടങ്ങിയവയും സര്‍വേയിലൂടെ ശേഖരിക്കും.

2025-ല്‍ ആര്‍.എസ്.എസ് രൂപീകൃതമായിട്ട് നൂറുവര്‍ഷം തികയുകയാണ്. ഈ അവസരത്തില്‍ സംഘടനാവികാസം സംബന്ധിച്ച ആസൂത്രണത്തിന് സമഗ്ര സാമൂഹിക സര്‍വേ വിവരങ്ങള്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം. സര്‍വേ സംബന്ധിച്ച ആസൂത്രണത്തിനായി ആര്‍.എസ്.എസ്. ജില്ലാതലത്തില്‍ ചിന്തന്‍ ബൈഠക് തുടങ്ങി. മുന്‍കാലങ്ങളില്‍ ജില്ലാതലംവരെ പ്രവര്‍ത്തിച്ചശേഷം നിഷ്‌ക്രിയരായവരെ വീണ്ടും സജീവമാക്കാന്‍ സംസ്ഥാന നേതാക്കള്‍ അവരുമായി കൂടിക്കാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button