പാലക്കാട്: ആയുർവേദ സ്ഥാപനത്തിന്റെ മറവിൽ പാലക്കാട് മേട്ടുപ്പാളയം തെരുവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കോഴിക്കോട് സിവിൽ സ്റ്റേഷനുസമീപം പുത്തൻപീടിയേക്കൽ വീട്ടിൽ മൊയ്തീൻകോയയാണ് (63) അറസ്റ്റിലായത്. മൊബൈൽ ടവർ ലൊക്കേഷൻവഴി ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി കോഴിക്കോട് നല്ലളം പോലീസ്‌സ്റ്റേഷന് സമീപത്തുനിന്നാണ് മൊയ്തീൻ കോയയെ പാലക്കാട് ഡിവൈ.എസ്.പി. പി.സി. ഹരിദാസന്റെ നേതൃത്വത്തിൽ ടൗൺ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.
മൊയ്തീൻകോയയെ പാലക്കാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മൊയ്തീൻ കോയക്കെതിരേ ഐ.പി.സി. 420, ഇന്ത്യൻ ടെലിഗ്രാഫ് നിയമം, ഇന്ത്യൻ വയർലെസ് നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. എസ്.പി.ആർ.വിശ്വനാഥ്, ഡിവൈ.എസ്.പി. പി.സി. ഹരിദാസൻ എന്നിവരുടെ നേതൃത്വത്തിൽ മൊയ്തീൻ കോയയിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നല്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.
സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ചിൽ അന്താരാഷ്ട്ര കോളുകൾ എസ്.ടി.ഡി. കോളുകളാക്കി മാറ്റിയാണ് തട്ടിപ്പ് അരങ്ങേറിയത്. ഇതുവഴി കോടിക്കണക്കിന് രൂപ മൊയ്തീൻ കോയ സമ്പാദിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കോഴിക്കോട്ടും പാലക്കാട്ടും ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. സ്വന്തമായി ഭൂസ്വത്തുക്കളുമുണ്ട്. കഴിഞ്ഞ എട്ടുവർഷമായി പാലക്കാട് മേട്ടുപ്പാളയം തെരുവിൽ കീർത്തി ആയുർവേദിക് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. സെപ്റ്റംബർ 14-ന് രാത്രിയാണ് സ്ഥാപനത്തിന്റെ മറവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവരുന്നതായി പോലീസ് കണ്ടെത്തിയത്.
എന്നാൽ, സ്ഥാപനത്തിൽ പോലീസ് എത്തുംമുമ്പേ മൊയ്തീൻ കോയ ഒളിവിൽ പോയിരുന്നു. ആയുർവേദസ്ഥാപനത്തിന്റെ പേരിൽ ജിയോ, ബി.എസ്.എൻ.എൽ.കോയ’ എന്നാണ് ഇടപാടുകാർക്കിടയിൽ ഇയാൾ അറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.മൊയ്തീൻ കോയയുടെ മകൻ ഫറഫുദ്ദീനെതിരേ ചേവായൂർ പോലീസ് സ്റ്റേഷനിലും സഹോദരൻ ഷെബീറിനെതിരേ കോഴിക്കോട് പോലീസ് സ്റ്റേഷനിലും സമാനരീതിയിലുള്ള കുറ്റകൃത്യങ്ങൾക്ക് കേസ് നിലവിലുണ്ട്.
മലപ്പുറം വണ്ടൂരിൽ തനിമ ബയോവേദിക് എന്ന സ്ഥാപനത്തിന്റെ മറവിൽ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയതിന് രണ്ടുമാസംമുമ്പ് മലപ്പുറം പോലീസ് മൊയ്തീൻ കോയക്കെതിരേ കേസെടുത്തിരുന്നു. മൊയ്തീൻ കോയക്കായി മലപ്പുറം പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒഴിവാക്കാൻ മൊയ്തീൻ കോയ അത്യാവശ്യത്തിനുമാത്രം സ്വന്തം ഫോൺ ഓണാക്കുകയും ഉപയോഗശേഷം കൃത്യമായി ഓഫ് ചെയ്യുകയുമാണ് ചെയ്തിരുന്നത്.
ഇതുമൂലം ഫോൺ കോളുകൾ പിന്തുടർന്നുള്ള അന്വേഷണം ഏറെ ദുഷ്കരമായിരുന്നു. ഞായറാഴ്ച വൈകീട്ട് ഡിവൈ.എസ്.പി. പി.സി. ഹരിദാസന്റെ നേതൃത്വത്തിൽ മൊയ്തീൻ കോയയെ പാലക്കാട് മേട്ടുപ്പാളയം തെരുവിലെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു. തിങ്കളാഴ്ച തന്നെ മൊയ്തീൻ കോയയെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments