പഞ്ചാബ്: പ്രായപൂർത്തിയാകുന്നതിനു മുൻപ് വിവാഹിതയായാലും പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ ഭർത്താവിൽ നിന്നും നിയമപരമായി വിവാഹമോചനം നേടാമെന്ന് പഞ്ചാബ്/ഹരിയാന ഹൈക്കോടതി വിധി. പ്രായപൂർത്തിയായ ശേഷം പെൺകുട്ടിക്ക് ഭർത്താവിൽ നിന്നും നിയമപരമായി വിവാഹമോചനം നേടാമെന്നാണ് കോടതി തീരുമാനം. പ്രായപൂർത്തിയാകാത്ത ഒരാൾ 18 വയസ്സ് തികയുന്നതിനുമുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെങ്കിൽ, വിവാഹമോചനത്തിലൂടെ മാത്രമേ ഭർത്താവിൽ നിന്ന് വേർപിരിയാൻ കഴിയൂ എന്നാണു പഞ്ചാബ്/ഹരിയാന ഹൈക്കോടതി നിരീക്ഷിക്കുന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് ലുധിയാനയിലെ ദമ്പതികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കഴിഞ്ഞ വർഷം, ജൂൺ 22 ന് ദമ്പതികൾ വിവാഹമോചനം ആവശ്യപ്പെട്ട് ലുധിയാന കുടുംബ കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ, ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 5 (iii) 1955 ഉദ്ധരിച്ച് വിവാഹം നടക്കുമ്പോൾ വധുവിന് 18 വയസോ അതിൽ കൂടുതലോ ആയിരിക്കണമെന്നും എങ്കിൽ മാത്രമേ നിയമപരമായി സാധുതയുള്ളുവെന്നും കുടുംബകോടതി നിരീക്ഷിച്ചു. ഇതേത്തുടർന്ന് ഇവരുടെ ഹർജി തള്ളിപ്പോയിരുന്നു. എന്നാൽ, കുടുബകോടതിയുടെ ഈ വിധിയാണ് ഹൈക്കോടതി അസാധുവാക്കിയത്.
Also Read:ഇന്ത്യക്കു പിന്നാലെ ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനവും വിരാട് കോഹ്‌ലി ഒഴിയുന്നു
പ്രായപൂർത്തിയാകാത്തതിന് മുൻപ് നടന്ന വിവാഹമായതിനാൽ ദമ്പതികളുടെ പരസ്പര സമ്മതത്തോടെ വിവാഹമോചനം അനുവദിക്കാൻ കഴിയില്ലെന്ന ലുധിയാനയിലെ കുടുംബ കോടതി വിധി ഹൈക്കോടതി അസാധുവാക്കി. 1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13-ബി പ്രകാരം ദമ്പതികൾക്ക് വിവാഹമോചനം ആകാമെന്നാണ് കോടതി നിരീക്ഷിച്ചത്.
‘വിവാഹം നടക്കുന്ന സമയത്ത് പ്രതിയുടെ ഭാര്യയ്ക്ക് 17 വയസ്സും 6 മാസവും 8 ദിവസവും പ്രായമുണ്ടായിരുന്നു, ഇവരുടെ വിവാഹം അസാധുവായി പ്രഖ്യാപിക്കാൻ ഒരു അപേക്ഷയും ഫയൽ ചെയ്തിരുന്നില്ല. പ്രായപൂർത്തിയായ യുവതിക്ക് ഭർത്താവിൽ നിന്നും വിവാഹമോചനം നിയമപരമായി ലഭ്യമാകും’, ജസ്റ്റിസ് റിതു ബഹ്രിയും ജസ്റ്റിസ് അരുൺ മോംഗയും ഉത്തരവ് പുറപ്പെടുവിച്ചു.
കോടതി ഇരുവരുടെയും മൊഴികൾ രേഖപ്പെടുത്തുകയും പരസ്പര സമ്മതത്തോടെ ദമ്പതികൾക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു. വിവാഹസമയത്ത് പെൺകുട്ടിക്ക് 17 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്നതിനാൽ, പ്രായപൂർത്തിയായപ്പോൾ വിവാഹബന്ധം വേണ്ടെന്ന് വെയ്ക്കാനായുള്ള അവകാശമുണ്ടെന്നും പരസ്പര സമ്മതത്തോടെ വിവാഹമോചനം അനുവദിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Post Your Comments